37,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യുവതി ; യേശു പറഞ്ഞത് അനുസരിച്ചു എന്ന് വിശദീകരണം

അമേരിക്കയിലാണ് സംഭവം. 37,000 അടി ഉയരത്തില്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവതിയാണ് ഏവരെയും ഭയപ്പെടുത്തിയത്. തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ യേശു തന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞതു കൊണ്ടാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത് എന്നും യുവതി പറഞ്ഞു. 34 കാരിയായ എലോം അഗ്‌ബെഗ്‌നിനൂ എന്ന യുവതിയാണ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചത്. വിമാനം പറന്നുയര്‍ന്നത് മുതല്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു.

മാത്രവുമല്ല യുവതി വിമാനത്തിന്റെ സൈഡ് ഡോര്‍ തുറക്കാനുള്ള ശ്രമം സഹയാത്രക്കാരന്‍ ഇടപെട്ട് തടഞ്ഞിരുന്നു. തടഞ്ഞ സഹയാത്രക്കാരന്റെ തുടയില്‍ യുവതി കടിക്കുകയും ഒടുവില്‍ വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ പൈലറ്റ് തൊട്ടടുത്തുള്ള ലിറ്റില്‍ റോക്കിലെ ബില്ല് & ഹിലാരി ക്ലിന്റണ്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കുകയായിരുന്നു. പിന്നീട് യുവതിയെ പൊലീസിന് കൈമാറുകയും ചെയ്തു. യേശു ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പൊലീസിനും മൊഴി നല്‍കി. യുവതിയുടെ കടിയേറ്റ സഹയാത്രികന് പ്രാഥമിക ചികിത്സ നല്‍കി. ഭര്‍ത്താവിനെ അറിയിക്കാതെയാണ് താന്‍ വീടുവിട്ടതെന്നും മേരിലാന്‍ഡിലുള്ള കുടുംബസുഹൃത്തിനെ കാണാനാണ് യാത്ര പുറപ്പെട്ടതെന്നും യുവതി പറയുന്നു.