മഴവെള്ളപ്പാച്ചില്‍ ; സൗദി അറേബ്യയില്‍ ഏഴുപേരെ രക്ഷപ്പെടുത്തി

കനത്ത മഴയില്‍ മദീനയിലെ സുവൈര്‍ഖിയയില്‍ മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഏഴ് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം മദീനയില്‍ ഹറം പരിസരം ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ സമാന്യം നല്ല മഴയാണ് ലഭിച്ചത്. പ്രദേശത്തെ ചില ഗ്രാമങ്ങളില്‍ മഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചില റോഡുകള്‍ മുന്‍കരുതലെന്ന നിലയില്‍ അടച്ചിടുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതലെടുത്തിരുന്നു. മസ്ജിദുന്നബവി കാര്യാലയം വെള്ളം വലിച്ചെടുക്കാനുള്ള ഉപകരണങ്ങള്‍ ഒരുക്കുകയും ശുചീകരണത്തിനായി കൂടുതല്‍ ആളുകളെ നിയോഗിക്കുകയും ചെയ്തു.

വീശിയടിച്ച കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപതിച്ചതിനെ തുടര്‍ന്ന് തബൂക്കില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. കമ്പനിയുടെ സാങ്കേതിക സംഘങ്ങള്‍ ഇടപെട്ട് വൈകാതെ ഭൂരിഭാഗം വരിക്കാര്‍ക്കും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. വാദി അല്‍ഖുശൈബ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് അല്‍ഉല – മദീന റോഡ് സുരക്ഷാ വകുപ്പുകള്‍ താത്കാലികമായി അടച്ചിരിക്കുകയാണ്. അല്‍ഉല-മദീന റോഡില്‍ 237 കിലോമീറ്റര്‍ അടയാളത്തിനു സമീപമാണ് ഇരു ദിശകളിലും റോഡ് താത്കാലികമായി അടച്ചത്. ഈ റോഡിന് പകരം അല്‍ഉല-ഖൈബര്‍ റോഡ് ഉപയോഗിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു.സൗദി അറേബ്യയിലെ വടക്കന്‍ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.