വീട്ടില്‍ നിന്നും മോഷ്ടിച്ച മാലയുമായി കള്ളന്‍ രക്ഷപ്പെടാന്‍ കയറിയത് വീട്ടുടമയുടെ ബൈക്കില്‍

ചെന്നൈയിലാണ് സംഭവം. ഒരു വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കള്ളന്‍ രക്ഷപ്പെടാനായി ലിഫ്റ്റ് ചോദിച്ച് കയറിയത് അതെ വീട്ടുടമയുടെ ബൈക്കിനുപുറകില്‍. മോഷണ വിവരമറിയിക്കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന വീട്ടുടമയ്ക്ക് അവിടെയത്തും മുന്‍പുതന്നെ മോഷ്ടാവിനെ പിടികിട്ടി. ചെന്നൈ ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടില്‍കയറി മോഷണംനടത്തിയ പെരിയകാഞ്ചി പെരുമാള്‍ നായിക്കന്‍ തെരുവിലെ ഉമറാണ് പിടിയിലായത്. ശ്രീപെരുമ്പത്തൂരിലെ ഒരു സ്വകാര്യ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ജെനിം രാജാദാസ്. ഇന്നലെ രാവിലെ വീട് പൂട്ടി ഭാര്യ വിദ്യയോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ ഇറച്ചി വാങ്ങാന്‍ കടയിലേക്ക് പോയതായിരുന്നു. ഈ സമയത്താണ് വീട്ടില്‍ കള്ളന്‍ കയറിയത്. ഏകദേശം അരമണിക്കൂറിനുശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതിലും അലമാരയും തുറന്നുകിടക്കുന്നതുകണ്ടു. നാലുപവന്റെ സ്വര്‍ണമാലയും വെള്ളിലോക്കറ്റും മോഷണം പോയതായി മനസ്സിലായി. പൊലീസില്‍ പരാതിപ്പെടാനായി രാജാദാസ് ഉടന്‍തന്നെ ബൈക്കില്‍ പുറപ്പെട്ടു. പാതിവഴിയിലെത്തിയപ്പോള്‍ അപരിചിതന്‍ ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചു. രാജാദാസ് അയാളെ ബൈക്കിന്റെ പിന്നില്‍ കയറ്റി. സഹയാത്രികന്റെ അരയില്‍ പലവലുപ്പത്തിലുള്ള താക്കോലുകള്‍ തൂങ്ങിക്കിടക്കുന്നതുകണ്ടപ്പോള്‍ രാജാദാസിന് സംശയം തോന്നി. തുടര്‍ന്ന് വണ്ടിനിര്‍ത്തി ചോദ്യംചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഉമറിന്റെ കൈയില്‍ നിന്ന് ആഭരണങ്ങളും നൂറോളം താക്കോലുകളും കണ്ടെത്തി. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഇയാളെ അവിടെയുള്ള വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ രാജാദാസിന്റെ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു.