എസ് എന്‍ ഡി പി സെക്രട്ടറിയുടെ ആത്മഹത്യ ; വെള്ളാപ്പള്ളി നടേശനും മകനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കണിച്ചുകുളങ്ങര : എസ്എന്‍ഡിപി യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ കെ. മഹേശന്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യുടെ നിര്‍ദേശപ്രകാരം മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ എല്‍ അശോകന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ മഹേശനെ പ്രതിയാക്കിയെന്നും ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് നിരന്തരം ചോദ്യം ചെയ്യിപ്പിച്ച് മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്. മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവിയാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് മൂന്നുപേരെയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

അതേസമയം വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി പദവി ഒഴിയണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി ആവശ്യപ്പെട്ടു. കെ കെ മഹേശന്റെ മരണത്തില്‍ പ്രതിച്ചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും എസ് എന്‍ ഡി പി യോഗം ആസ്ഥാനത്ത് കയറാന്‍ അനുവദിക്കില്ലെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി മുന്നറിയിപ്പ് നല്‍കി.
ഗൂഢാലോചന, ആത്മഹത്യ പ്രേരണ വകുപ്പുകളാണ് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ കെ മഹേശനെ പ്രതിയാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. മാരാരിക്കുളം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. അതേസമയം ഏത് അന്വേഷണവും നേരിടാന്‍ തെയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ തള്ളിയ വെള്ളാപ്പള്ളി നടേശന്‍ കെ കെ മഹേശന്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയെന്നും ആരോപിച്ചു. ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുത്തത്.2020 ജൂണ്‍ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി യോഗം ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഓഫീസില്‍നിന്ന് കണ്ടെടുത്ത മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരേ പരാമര്‍ശമുണ്ടായിരുന്നു. മഹേശന്റെ കുടുംബത്തിന്റെ പരാതിയില്‍ ഐജിയായിരുന്ന ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ നേരത്തെ അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തല്‍.