എട്ട് മാസം പ്രായമായ കുഞ്ഞിന് സ്റ്റീല്‍ പൈപ്പുകൊണ്ട് അടിയേറ്റു ; അച്ഛന്‍ അറസ്റ്റില്‍
അടൂരില്‍ കുടുംബ വഴക്കിനിടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ച അച്ഛന്‍ അറസ്റ്റില്‍. അടൂര്‍ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേറ്റത്. അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പെരിങ്ങനാടുള്ള ഷിനുമോന്റെ വീട്ടില്‍വച്ചാണ് കുട്ടിക്ക് അടിയേറ്റത്. മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയത് ഷിനുമോന്റെ അമ്മ ചോദ്യം ചെയ്തു. പ്രകോപിതനായ പ്രതി അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചു.
അമ്മയെ ആക്രമിക്കുന്നത് തടയാന്‍ എത്തിയ ഷിനുമോന്റെ ഭാര്യയെും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടയിലാണ് എട്ട് മാസം പ്രായമായ കുഞ്ഞിന് അടിയേറ്റത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്യുന്ന ഷിനുമോന്‍ ഇതിന് ഉപയോഗിക്കുന്ന പൈപ്പ് കൊണ്ടാണ് ഭാര്യയെയും കുഞ്ഞിനേയും അടിച്ചത്. ഭാര്യയുടെ തോളിലും പുറത്തും പരിക്കുണ്ട്. സ്ഥിരമായി ഷിനുമോന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്യുമെന്നാണ് ഭാര്യയുടേയും അമ്മയുടയും പരാതി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ജുവൈനൈല്‍ ജസ്റ്റിസ് ആക്ടിചെ വകുപ്പുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.