വിവാഹപൂര്‍വ ലൈംഗിക ബന്ധം നിരോധിക്കും ; ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും

വിവാഹപൂര്‍വ ലൈംഗിക ബന്ധം നിരോധിക്കാന്‍ തയ്യാറായി ഒരു രാജ്യം. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ആണ് ഇത്തരത്തില്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭര്‍ത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധം നിരോധിക്കുകയും നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭര്‍ത്താവില്‍ നിന്നോ ഭാര്യയില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക.

വിചാരണ കോടതിയില്‍ വിചാരണ ആരംഭിക്കും മുമ്പേ പരാതികള്‍ പിന്‍വലിക്കാമെന്നും പറയുന്നു. മൂന്ന് വര്‍ഷം മുമ്പും ഈ നിയമം പാസാക്കാന്‍ നീക്കം നടന്നെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് അന്ന് ബില്ലിനെതിരെ തെരുവിലിറങ്ങിയത്. ഇന്തോനേഷ്യന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായ നിയമമാണ് നിര്‍മിക്കുന്നതെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ഇന്തോനേഷ്യയുടെ ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി എഡ്വേര്‍ഡ് ഒമര്‍ ഷെരീഫ് ഹിയാരിയ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതുപോലെ പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യന്‍ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യരുതെന്നും വിവാഹത്തിന് മുമ്പുള്ള സഹവാസവും നിരോധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, എല്‍ജിബിടി വിഭാ?ഗം എന്നിവരോട് വിവേചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ക്രിമിനല്‍ കോഡ് പാസായാല്‍ ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാകും. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള ഇന്തോനേഷ്യയുടെ പ്രതിച്ഛായയെ പുതിയ നിയമങ്ങള്‍ ബാധിക്കുമെന്ന ആശങ്ക വ്യാവസായിക രം?ഗത്തുള്ളവര്‍ പ്രകടിപ്പിച്ചു. അതേസമയം, നിയമത്തിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന ഭയവും സര്‍ക്കാറിനുണ്ട്.