കാമുകന് ഒപ്പം നാട് വിടാന്‍ തന്റെ രൂപ സാദൃശ്യമുള്ള യുവതിയെ കണ്ടെത്തി കൊലപ്പെടുത്തിയ 22 കാരി പിടിയില്‍
കാമുകന് ഒപ്പം നാടുവിടാന്‍ 22 കാരി കണ്ടെത്തിയ വഴി അതിക്രൂരമായത്. തന്റെ രൂപ സാദൃശ്യമുള്ള യുവതിയെ കണ്ടെത്തി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലചെയ്ത ശേഷം തന്റെ വസ്ത്രങ്ങള്‍ അണിയിച്ച് ഒരാത്മഹത്യാ കുറിപ്പും എഴുതിവെച്ച് കാമുകനൊപ്പം സ്ഥലം വിട്ട കേസിലാണ് ഈ 22-കാരിയും കാമുകനും അറസ്റ്റിലായത്. ദില്ലിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. പായല്‍ ഭാട്ടിയ എന്ന 22-കാരിയെയും കാമുകന്‍ അജയ് താക്കൂറിനെയുമാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. താന്‍ ആത്മഹത്യ ചെയ്തുവെന്ന് പ്രതീതി പരത്താന്‍ ഒരു മാളിലെ ജീവനക്കാരിയായ ഹേമ ചൗധരി എന്ന യുവതിയെ ക്രൂരമായി കൊല ചെയ്തു എന്ന കേസിലാണ് ഇരുവരും അറസ്റ്റിലായത്.
നോയിഡയില്‍ താമസിക്കുന്ന പായലും അജയ് താക്കൂറും തമ്മില്‍ ്രപണയത്തിലാണ്. ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും കുടുംബം അതിന് സമ്മതിക്കില്ല എന്ന് കരുതിയാണ് പായല്‍ വിചിത്രമായ പദ്ധതി തയ്യാറാക്കിയത്. തന്റെ സാദൃശ്യമുള്ള ഒരു യുവതിയെ കൊല ചെയ്തശേഷം, താനാണെന്ന് വരുത്തിത്തീര്‍ത്ത്, താന്‍ ആത്മഹത്യ ചെയ്തുവെന്ന് പ്രതീതി സൃഷ്ടിക്കുകയും ഈ തക്കത്തിന് കാമുകനൊപ്പം ദൂരസ്ഥലത്ത് സുഖമായി ജീവിക്കുകയുമായിരുന്നു ഇവരുടെ പ്ലാന്‍. ഇതിനായി, ഒരു മാളില്‍ ജോലി ചെയ്യുന്ന ഹേമ എന്ന യുവതിയെ ഇരുവരും കണ്ടെത്തി. ഹേമയുമായി സൗഹൃദമുണ്ടാക്കിയ ശേഷം അവരെ നോയിഡയിലുള്ള പായലിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെവെച്ച് ഹേമയെ ഇരുവരും ചേര്‍ന്ന് വധിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു. അതിനു ശേഷം, ഹേമയുടെ മൃതദേഹത്തില്‍ പായലിന്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. പിന്നീട്, ‘തന്റെ മുഖം ആസിഡ് വീണ് വികൃതമായെന്നും ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും’ പറഞ്ഞ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി മൃതദേഹത്തിന് സമീപം വെച്ച് കാമുകനൊപ്പം സ്ഥലം വിട്ടു.
മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പായലിന്റെ വീട്ടുകാര്‍ ഇവര്‍ ആത്മഹത്യ ചെയ്തതായി എല്ലാവരെയും അറിയിക്കുകയും പായലിന്‍േറത് എന്നു കരുതിയ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. കാര്യങ്ങളെല്ലാം പായലിന്റെ പ്ലാന്‍ പ്രകാരം നടന്നു. അതിനിടെയാണ്, കൊല്ലപ്പെട്ട ഹേമയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലയുടെ ചുരുളഴിയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.