നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു

പ്രമുഖ മലയാള സിനിമാ താരം കൊച്ചു പ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു.ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 250 ലേറെ സിനിമകളില്‍ അഭിനയിച്ച കൊച്ചു പ്രേമന്‍ ധാരാളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാടില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിന് ആണ് കൊച്ചു പ്രേമന്‍ ജനിച്ചത്.

പേയാട് ഗവ.സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി കോളജില്‍ നിന്ന് ബിരുദം നേടി. കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്. അടുപ്പമുള്ളവര്‍ ആണ് കൊച്ചു പ്രേമന്‍ എന്ന വിളിച്ചു തുടങ്ങിയത്. തുടര്‍ന്ന് സിനിമയിലും ആ പേര് തന്നെ ഉപയോഗിക്കുകയായിരുന്നു.നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ ‘ഏഴു നിറങ്ങള്‍’ ആണ്. രാജസേനന്‍ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.