ശബരിമയില്‍ വന്‍ തിരക്ക് ; ഭക്തര്‍ക്ക് വേണ്ടി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് KSRTCയോട് ഹൈക്കോടതി

തീര്‍ത്ഥാടകര്‍ക്കായി ശബരിമലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി നിര്‍ദേശം. പമ്പയിലെയും നിലക്കലിലെയും തിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പത്തനംതിട്ട ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും ഇതു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി. അധിക ബസ് സര്‍വീസ് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

തീര്‍ത്ഥാടകരുടെ വരവ് കൂടിയതോടെ നിലയ്ക്കലിലെയും പമ്പയിലെയും ബസുകളില്‍ വലിയ തിരക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. നിലവില്‍ ഈ റൂട്ടില്‍ ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഇല്ല. അഞ്ചുമിനിറ്റ് കൂടുമ്പോഴാണ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. തിരക്ക് കാരണം ശബരിമലയിലെത്തുന്ന മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദൂരദേശങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരെയും വലിയ തോതില്‍ വലയ്ക്കുന്നതായി കോടതി നിരീക്ഷിച്ചു. ഉള്ള ബസ്സുകളില്‍ത്തന്നെ തീര്‍ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തില്‍ അടിയന്തരമായ നടപടി ആവശ്യപ്പെട്ടത്.