തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും അതിക്രമം ; ഇത്തവണ നെയ്യാറ്റിന്‍കരയില്‍

തലസ്ഥാന ജില്ലയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും അതിക്രമം. നെയ്യാറ്റിന്‍കരയില്‍ ആണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം ഉണ്ടായിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് റോഡില്‍ വെച്ച് വിദ്യാര്‍ത്ഥിനികളെ ഉപദ്രവിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇടറോഡില്‍ വച്ച് ഇവര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. എതിരെ വന്ന ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടിയുടെ കഴുത്തില്‍ അടിച്ചതിനു ശേഷം ഉപദ്രവിക്കുകയായിരുന്നു.

ധനുവച്ചപുരത്തെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെയായിരുന്നു ആക്രമണം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ബൈക്കിലെത്തിയവര്‍ തോളില്‍ അടിച്ചെന്നാണ് പരാതി. അതേസമയം മാല മോഷണശ്രമം ആയിരുന്നോ എന്ന് സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്. നെയ്യാറ്റിന്‍കര പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയും തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. മുമ്പ് പ്രഭാത സവാരിക്ക് ഇറങ്ങിയ പെണ്‍കുട്ടിയെ ആക്രമിച്ച മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവവും ഉണ്ടായത്.