തിരുവനന്തപുരത്ത് നിന്നും കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി ; സഹായിച്ചത് ഗൂഗിള്‍ പേ

തിരുവനന്തപുരം : പൊഴിയൂരില്‍ നിന്ന് ഇക്കഴിഞ്ഞ 28നു കാണാതായ പെണ്‍കുട്ടിയെ മുംബൈയിലെ ഒരു ഹോം സ്റ്റേയില്‍ നിന്നും കണ്ടെത്തി. പോലീസ് ആത്മഹത്യയെന്നുറപ്പിച്ച കേസിലാണ് നിര്‍ണ്ണായക വഴിത്തിരിവ്. പൊഴിക്കരയില്‍ നിന്നും പര്‍ദ്ദ ധരിച്ചു പോയ പെണ്‍കുട്ടി കളിയിക്കവിളയിലെ ഒരു കടയില്‍ ഗൂഗിള്‍ പേ ഉപയോഗിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇക്കഴിഞ്ഞ 28നാണ് പൊഴിയൂരില്‍ പൊഴിക്കരയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതാകുന്നത്. പൊഴിക്കരയില്‍ പെണ്‍കുട്ടിയുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയതോടെ ആത്മഹത്യ സംശയിച്ചു. വീട്ടില്‍ നിന്ന് കുറിപ്പും, മൊബൈല്‍ ഫോണും ലഭിച്ചതോടെ ആത്മഹത്യ ഏതാണ്ട് ഉറപ്പിച്ചു. എന്നാല്‍ എന്താകും ആത്മഹത്യയുടെ കാരണം എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടര്‍ന്നു.

പൊഴിക്കരയില്‍ നിന്ന് മടങ്ങുന്ന വഴിയിലെ സിസിടിവികളില്‍ പെണ്‍കുട്ടിയുടെ ശരീരഘടനയുള്ള ഒരു യുവതി പര്‍ദ്ദ ധരിച്ചു പോകുന്നത് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവില്‍ കളിയിക്കാവിളയിലെ കടയില്‍ പര്‍ദ്ദ ധരിച്ച സ്ത്രീ എത്തിയതായി സ്ഥിരീകരിച്ചു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.200 രൂപ ഗൂഗിള്‍ പേ ചെയ്താല്‍ പണമായി നല്കാമോയെന്നു പെണ്‍കുട്ടി ആവശ്യപ്പെട്ടെന്നും അത് നല്‍കിയെന്നും കടക്കാരന്റെ മൊഴി. ഗൂഗിള്‍ പേ നമ്പര്‍ വിശദമായി പരിശോധിച്ചപ്പോള്‍ കാണാതായ പെണ്‍കുട്ടിയുടെ ആര്‍ക്കുമറിയാത്ത നമ്പറാണെന്നു സ്ഥിരീകരിച്ചു. ഇതോടെ നമ്പറും, നമ്പര്‍ ഉപയോഗിച്ച് മാര്‍ത്താണ്ഡത്തെ ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടും പൊലീസ് പരിശോധിച്ചു.

പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിന്ന് മുംബൈയിലെ ഒരു ഹോം സ്റ്റേയിലേക്കു പണം കൈമാറിയെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് സംഘം മുംബൈയിലേക്ക്. മുംബൈയിലെ ഒരു കോളനിയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടി രഹസ്യമായി മറ്റൊരു മൊബൈല്‍ നമ്പറും, ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചതില്‍ പൊലീസിന് ചില സംശയങ്ങളുണ്ട്. മാത്രവുമല്ല ഇതിനായി സഹായിച്ച മാര്‍ത്താണ്ഡം സ്വദേശിയായ യുവാവിനെക്കുറിച്ചും അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടിയുടെ യാത്രയുടെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം. നാളെ പെണ്‍കുട്ടിയുമായി പൊഴിയൂര്‍ പൊലീസ് സംഘം കേരളത്തിലെത്തും.