പ്രായപൂര്‍ത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമെന്ന് പറയാനാവില്ല ; ഹൈക്കോടതി
പ്രായപൂര്‍ത്തിയാവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമായി ആരോപിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്‌തെന്ന് കാട്ടി യുവാവിനെതിരെ യുവതി നല്‍കിയ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 37കാരനായ യുവാവിനെതിരെ അധ്യാപികയായ യുവതിയാണ് പരാതിപ്പെട്ടത്. ഇരുവരും വിവാഹിതരാണ്. എന്നാല്‍, വിവാഹവാഗ്ദാനം നല്‍കി തന്നെ ഇയാള്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു അധ്യാപികയുടെ പരാതി. എന്നാല്‍, ഇരുവരും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന് ബലാത്സംഗക്കുറ്റം റദ്ദാക്കിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ഇരുവരും വിവാഹിതരായതിനാല്‍, വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന ആരോപണവും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സ്വദേശിയായ 37കാരന്‍ ഒരു വിവാഹ ചടങ്ങിനിടെയാണ് അധ്യാപികയുമായി പരിചയത്തിലായത്. പിന്നീട് ഫോണ്‍വിളികളിലൂടെ ബന്ധം വളര്‍ന്നു. മേയ് 31ന് വീട്ടില്‍ ആളില്ലാതിരുന്ന സമയം താന്‍ അധ്യാപികയുടെ വീട്ടിലെത്തുകയും അവരുടെ സമ്മതത്തോടുകൂടി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുകയായിരുന്നെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. രണ്ടുപേരും വിവാഹിതരായതിനാല്‍ വിവാഹവാഗ്ദാനം നല്‍കിയിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍, ഇവര്‍ തമ്മിലുള്ള ബന്ധം വഷളായതോടെ ഇയാള്‍ക്കെതിരെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന് കാട്ടി അധ്യാപിക പോലീസില്‍ പരാതി നല്‍കി.സമാന കേസുകളില്‍ അടുത്തകാലത്ത് സുപ്രീംകോടതിയില്‍ നിന്നും മറ്റ് ഹൈക്കോടതികളില്‍ നിന്നുമുള്ള വിധികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മധ്യപ്രദേശ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോളിന്റെ വിധി.
സമാനമായ വിധി ഈയിടെ കേരള ഹൈക്കോടതിയും പുറപ്പെടുവിച്ചിരുന്നു.