ആള് താമസം ഇല്ലാത്ത വീട്ടില്‍ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍

ആന്ധ്രാപ്രദേശ് : വിശാഖപട്ടണത്ത് അടച്ചിട്ട വാടകവീട്ടിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. വിശാഖപട്ടണത്തെ മധുരവാഡയിലെ ഒരു വീടിനുള്ളില്‍ നിന്നാണ് വീപ്പയ്ക്കുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏറെ നാളായി വാടക ലഭിക്കാത്തിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ സ്ഥലത്തെത്തി പരിശോധിച്ചപോഴാണ് മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണത്തെ മധുരവാടകയിലാണ് സംഭവം നടന്നിരിക്കുന്നത്. കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞതായാണ് പൊലീസിന്റെ നിഗമനം. ഡ്രമ്മിനുള്ളില്‍ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

വീടിന്റെ ഉടമസ്ഥന് ഏറെ നാളായി വാടക ലഭിക്കാറില്ലായിരുന്നു. വാടക നിരന്തരം മുടങ്ങിയതോടെ വീട് കാലിയാക്കാനായാണ് ഉടമസ്ഥനെത്തിയത്. ഈ സമയം വീട് പൂട്ടിയ നിലയിലായിരുന്നു. ഒടുവില്‍ വീട്ടുടമ വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2021 ജൂണിലാണ് അവസാനമായി വാടകക്കാരന്‍ ഉടമയുമായി ബന്ധപ്പെടുന്നത്. ഭാര്യയുടെ പ്രസവം ആണെന്നു പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തയാള്‍ പോയത്. എന്നാല്‍ പിന്നീട് വാടക നല്‍കുകയോ വീടിനുള്ളിലെ സാധനങ്ങള്‍ ഒഴിവാക്കുകയോ ചെയ്തില്ല.

ഇതിനിടെ വാടകക്കാരന്‍ സ്ഥലത്തെത്തി വീടിന്റെ പുറകുവശത്തുകൂടി അകത്ത് കയറിയെന്നാണ് ഉടമ പറയുന്നത്. എന്നാല്‍ വീട്ടുസാധനങ്ങളൊന്നും ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തോളം കാത്തിരുന്നുവെങ്കിലും വാടകയോ വാടകക്കാരന്റെ വിവരമോ ലഭിക്കാതായതോടെ ഉടമയെത്തി വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു.വീട്ടിലെ സാധനങ്ങള്‍ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് വീപ്പ ഉടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പരിശോധിച്ചപ്പോള്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിശാഖ പട്ടണം പൊലീസ് കമ്മീഷ്ണറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി തെളിവെടുപ്പ് നടത്തി.

ഒരു വര്‍ഷം മുമ്പാണ് ശരീരം കഷ്ണങ്ങളായി മുറിച്ചതെന്നാണ് ശാസ്ത്രീയ പരിശോധനയിലൂടെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വീട് വാടകയ്‌ക്കെടുത്ത ആളുടെ ഭാര്യയുടെ മൃതദേഹം തന്നെയാകാണിതെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുടമസ്ഥന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും വീട് വാടകയ്‌ക്കെടുത്തയാളെ കണ്ടെത്താനായി ശ്രമം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ സംഭവവും നടന്നിരിക്കുന്നത്. കാമുകിയായ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളായി വലിച്ചെറിഞ്ഞ സംഭവത്തില്‍ കഴിഞ്ഞ മാസം ദില്ലിയില്‍ അഫ്താബ് അമിന്‍ എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. അഫ്താബിന്റെ അറസ്റ്റിന് ശേഷം രാജ്യത്തുടനീളം സമാനമായ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.