കൊടുംകുറ്റവാളികളുടെ ലിസ്റ്റില്‍ തന്റെ പേരില്ല ; പോലീസിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പരാതി പറഞ്ഞ കുറ്റവാളി പിടിയില്‍

ചിലര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഒരു ആനന്ദമാണ്. അതിലൂടെ സമൂഹം തന്നെ ഭയക്കുന്നു എന്ന തോന്നല്‍ അവര്‍ക്ക് ഒരു ആത്മസുഖം നല്‍കാറുണ്ട്. എന്നാല്‍ എന്തൊക്കെ ചെയ്തിട്ടും സമൂഹം തന്നെ കുറ്റവാളി ആയി അംഗീകരിച്ചില്ല എന്ന് അറിഞ്ഞാല്‍ ആര്‍ക്കായാലും ഒരു വിഷമം വരും. ക്രിസ്റ്റഫര്‍ സ്‌പോള്‍ഡിംഗ് എന്ന കുറ്റവാളിക്ക് ആണ് അത്തരത്തില്‍ രോഷം അണപൊട്ടിയത്. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടി ഷെരീഫ് ഓഫീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍സിന്റെ പട്ടികയില്‍ താന്‍ ഇടം നേടിയിട്ടില്ലെന്ന് അറിഞ്ഞപ്പോഴാണ്, ക്രിസ്റ്റഫര്‍ സ്‌പോള്‍ഡിംഗ് എന്ന കുറ്റവാളി തന്റെ പേര് എവിടെ എന്ന് പൊലീസിനോട് ചോദിച്ചത്. കൊലപാതകം, കവര്‍ച്ച, ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ ആണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മോസ്റ്റ് ക്രിമിനലുകളുടെ ലിസ്റ്റ് കണ്ടപ്പോഴാണ് അയാള്‍ക്ക് ആത്മരോഷം ഉണ്ടായത്. ലിസ്റ്റില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.ഉടനെ ആള് പൊലീസിന്റെ പോസ്റ്റിനു താഴെ ഇങ്ങനെ കമന്റ് ഇട്ടു. ‘എന്റെ പേര് എവിടെ?’. പിന്നെ നടന്നത് സിനിമകളെ വെല്ലുന്ന കോമഡിയും. ഇയാളുടെ സംശയത്തിന് നല്ല ഒന്നാന്തരം തഗ് മറുപടിയും കൊടുത്തതിനുശേഷം ആണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇയാളുടെ കമന്റിന് താഴെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങളുടെ പേരില്‍ രണ്ട് വാറന്റുകള്‍ ഉണ്ട്. ഞങ്ങള്‍ അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്.’ ഇയാളെ പിടികൂടിയതിനുശേഷം പൊലീസ് തമാശ രൂപേണ ഇയാളുടെ ഫോട്ടോ കൂടി ചേര്‍ത്ത് ഇങ്ങനെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു: ‘നിങ്ങളെ പിടികൂടാന്‍ ഉള്ള ഞങ്ങളുടെ യാത്രയില്‍ നിങ്ങള്‍ തന്നെ ഞങ്ങള്‍ക്ക് വഴികാട്ടി ആയതില്‍ നന്ദി.’ ഫേസ്ബുക്കില്‍ ഇയാള്‍ കമന്റ് ചെയ്തതിനുശേഷം ആണ് പോലീസ് ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.