മലബാര്‍ ബ്രാണ്ടി നിര്‍മ്മാണ നടപടികള്‍ തുടങ്ങി ; ലക്ഷ്യം പ്രതിദിനം 13,000 കെയ്‌സ് മദ്യം
കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ആയ മലബാര്‍ ബ്രാണ്ടിയുടെ നിര്‍മ്മാണ നടപടികള്‍ തുടങ്ങി. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. പ്രതിദിനം പതിമൂവായിരം കെയ്‌സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്‌ലിംഗ് പ്ലാന്റ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ അടുത്ത ഓണത്തിന് മലബാര്‍ ബ്രാണ്ടി വിപണിയിലെത്തും. ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകേണ്ടത്. ആദ്യഘട്ടത്തില്‍ 70,000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാല്‍ കോടി അനുവദിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.
ഉല്പാദനത്തിനാവശ്യമായ വെള്ളം വാട്ടര്‍ അതോറിറ്റിയാണ് വിതരണം ചെയ്യുക. പ്രതിദിനം 65,000 ലിറ്റര്‍ ജലമാണ് ആദ്യഘട്ടത്തില്‍ ആവശ്യം. പദ്ധതിക്കായി ചിറ്റൂര്‍ മൂങ്കില്‍മടയില്‍ നിന്നുമാണ് വെള്ളമെത്തിക്കുക. ഇതിനായി വാട്ടര്‍ അതോറിറ്റി പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതി സ്ഥലത്ത് കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് വലിയ തോതില്‍ ജലചൂഷണം നടത്തുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറയുന്നു. കുഴല്‍ കിണറില്‍ നിന്നും ലഭിക്കുന്ന വെള്ളത്തില്‍ അയഡിന്‍ അംശം കൂടുതലാണെന്നും അത് മദ്യം ഉല്പാദിപ്പാക്കാന്‍ യോഗ്യമല്ലെന്നും ഇവര്‍ പറയുന്നു. 2002 ല്‍ അടച്ചു പൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയാണ് മലബാര്‍ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കര്‍ സ്ഥലമാണ് ഇവിടെയുള്ളത്. മദ്യ ഉല്പാദനം ആരംഭിക്കുന്നതോടെ 250 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു.