കൊച്ചിയില്‍ തെരുവ് പട്ടികളെ കണ്ട് പേടിച്ചോടിയ പൊലീസ് നായ സ്‌കൂട്ടറിടിച്ചു ചത്തു

കൊച്ചിയില്‍ തെരുവ് നായകൂട്ടത്തെ കണ്ട് പേടിച്ചോടിയ പൊലീസ് നായ സ്‌കൂട്ടറിടിച്ച് ചത്തു. പൊലീസ് ക്രൈം സീന്‍ ട്രാക്കര്‍ നായയായ ‘ഒലിവറാ’ണ് ചത്തത്. ശനിയാഴ്ച്ച രാത്രി 8.30 ക്കായിരുന്നു സംഭവം. എറണാകുളം സിറ്റി പൊലീസിന് കീഴിലുള്ള ഹില്‍പാലസ് ഡോഗ്സ്വാഡിലുള്ള നായയാണ് ഒലിവര്‍. നായയുടെ പരിപാലകന്‍ മൂത്രമൊഴിപ്പിക്കാനായി സമീപത്തുള്ള ഗ്രൗണ്ടില്‍ ഒലിവറിനെ കൊണ്ടുപോയിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന ഒരുകൂട്ടം തെരുവുനായകള്‍ ഒലിവറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഇതുകണ്ട് പൊലീസുകാരന്റെ കയ്യില്‍ നിന്നും ലീഷ് വിട്ട് ഓടിയ നായ അപകടത്തില്‍പെടുകയായിരുന്നു. കുതറിയോടിയ നായ സീപോര്‍ട്ട് റോഡിലൂടെ കടന്ന് പോയ സ്‌കൂട്ടറിന്റെ മുന്നില്‍പെട്ടാണ് അപകടമുണ്ടായത്. നായയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഹില്‍പാലസിലെ ഡോഗ്സ്വാഡ് ആസ്ഥാനത്ത് സംസ്‌കരിച്ചു. ആര്‍ എസ് ഐ മുഹമ്മദാലി ഫ്വ്യൂണറല്‍ പരേഡില്‍ സല്യൂട്ട് നല്‍കി. കൊച്ചി നഗരത്തില്‍ ഇപ്പോള്‍ തെരുവ് നായ ശല്യം രൂക്ഷമാണ്.