ഇരട്ടസഹോദരിമാരെ ഒരേസമയം വിവാഹം ചെയ്തു പുലിവാല് പിടിച്ചു യുവാവ്
ബാല്യകാല സുഹൃത്തുക്കളായ ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ബഹുഭാര്യാത്വം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി. അക്ലുജ് പോലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. സോലാംപൂര്‍ സ്വദേശികളായ റിങ്കിയും പിങ്കിയുമാണ് തങ്ങളുടെ ബാല്യകാല സുഹൃത്തായ അതുല്‍ ഉത്തം അവ്താഡയെ വിവാഹം ചെയ്തത്. മുംബൈയില്‍ ഐടി എന്‍ജിനിയര്‍മാരാണ് ഇരട്ടസഹോദരികള്‍. സോലാംപുര്‍ ജില്ലയിലെ അക്ലൂജിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരു കുടുംബങ്ങളുടേയും സമ്മതപ്രകാരമായിരുന്നു വിവാഹം. തുടര്‍ന്ന് വ്യത്യസ്തമായ ഈ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
ചിത്രങ്ങള്‍ വൈറലായതോടെ പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തി. രാജ്യത്ത് ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ വിവാഹം നിയമപരമാണോ എന്ന ചോദ്യവും ഉയര്‍ന്നു. മാലേവാഡയില്‍ നിന്നുള്ള രാഹുല്‍ ഫുലേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഐപിസി 494 വകുപ്പ് ചുമത്തിയാണ് കേസ്. ചെറുപ്പം മുതലേ റിങ്കിക്കും പിങ്കിക്കും അതുലിനെ അറിയാം. കുടുംബത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം താങ്ങായി അതുല്‍ ഇവരുടെ ഒപ്പമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ ഒരുമിച്ചുവളര്‍ന്ന ഇരുവര്‍ക്കും പിരിയാനുള്ള ബുദ്ധിമുട്ടും ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവരെ എത്തിച്ചു. കാര്യം വീടുകളില്‍ അവതരിപ്പിച്ചപ്പോള്‍ ഒരാളുമായുള്ള വിവാഹത്തിന് അനുവാദം നല്‍കാമെന്നായിരുന്നു മറുപടി. എന്നാല്‍ ഇത് ഇരുവരും സമ്മതിച്ചില്ല. തുടര്‍ന്ന് രണ്ട് പേരും ഒരാളെ വിവാഹം കഴിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയായിരുന്നു.