ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതി പ്രസവിച്ചു

ഓടുന്ന ബസില്‍ വെച്ച് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ചിബ്രമൗവിലേക്ക് പോകുകയായിരുന്ന സംസ്ഥാന റോഡ്വേസ് ബസില്‍ വച്ചാണ് യുവതി പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും ഡ്രൈവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും ആരോഗ്യവാന്മാരാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഞായറാഴ്ചയാണ് സംഭവം. ഭര്‍ത്താവിനൊപ്പം ഇറ്റാഹ് ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. പ്രസവവേദനയെക്കുറിച്ച് ഭര്‍ത്താവ് അറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം തിരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി ബസില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ”ബസ് ഡ്രൈവറും കണ്ടക്ടറും ഒരുപാട് സഹായിച്ചു. ഭാര്യയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ആരോഗ്യവാന്മാരാണ്” – പിതാവ് സോമേഷ് പറഞ്ഞു.