ആനക്കൊമ്പ് കേസ് ; മോഹന്‍ലാലിന് നല്‍കിയ ഇളവ് സാധാരണക്കാരന് നല്‍കുമോയെന്ന് സര്‍ക്കാരിനോട് കോടതി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് നടന്റെ കൈവശം ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. താരം കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്, സാധാരണക്കാരന്‍ ആണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈകോടതിയെ സമീപിച്ചത്. 2012 ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.