കേളി ഇന്റര്‍നാഷണല്‍ കലാമേളയ്ക്ക് കിക്ക് ഓഫ്

2023ല്‍ സില്‍വര്‍ ജുബിലി ആഘോഷിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസികളുടെ കലാ സാംസ്‌കാരിക സംഘടനയായ കേളി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കലകളുടെ ഉത്സവമായ18 മത്’ കേളി ഇന്റര്‍നാഷണല്‍ കലാമേളയുടെ കിക്ക് ഓഫ് സൂറിച്ചില്‍ നടന്നു.

കേളിയുടെ വാര്‍ഷിക സമ്മേളനത്തില്‍ കേളി എക്‌സിക്യൂട്ടീവ് അംഗങ്ങളെയും കേളിയുടെ അംഗങ്ങളെയും സാക്ഷി നിര്‍ത്തി കലാമേള 2023 ന്റെ ആദ്യ രജിസ്‌ട്രേഷന്‍ കുമാരി ഡെല്‍ന മുണ്ടിയാനിയില്‍ നിന്നും സ്വീകരിച്ചു കൊണ്ട് പ്രസിഡന്റ് ശ്രീ റ്റോമി വിരുത്തിയേല്‍ നിര്‍വ്വഹിച്ചു.

ഇന്ത്യന്‍ അനുഷ്ഠാനകലകളെ രണ്ടാം തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന മഹത്തായ ധര്‍മ്മമാണ് കേളി ഇന്റര്‍നാഷണല്‍ കലാമേള. ഇന്ത്യക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമാമാങ്കത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലൂടെ സ്വായത്തമാക്കിയ കലകള്‍ രണ്ടു ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂര്‍വ്വ വേദിയാണ് കേളി കലാമേള.

ഭാരതത്തിന്റെ തനതു കലകള്‍ പരിപോഷിപ്പിക്കുന്നതിന് ഒരു മത്സരവേദി യൂറോപ്പില്‍ ഒരുക്കുന്നതിന്റെ ഭാഗമായി കേളി ആരംഭിച്ച ഇന്റര്‍നാഷണല്‍ കലാമേളക്ക് 2023 മെയ് 27, 28 തീയതികളില്‍ സൂറിച്ചില്‍ തിരശീല ഉയരും. കടുത്ത മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയിക്കുന്നവര്‍ക്ക് കലാതിലകം, കലാപ്രതിഭ അവാര്‍ഡുകള്‍, നൃത്ത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വ്യക്തിക്ക് നല്‍കുന്ന കേളി കലാരത്‌ന ട്രോഫി, നൃത്യേതര ഇനങ്ങളില്‍ ചാമ്പ്യന്‍ ആകുന്ന വ്യക്തിക്ക് നല്‍കുന്ന ഫാ.ആബേല്‍ മെമ്മോറിയല്‍ ട്രോഫി, മൈനര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ബാലതാരത്തിന് നല്‍കുന്ന ബാലപ്രതിഭ അവാര്‍ഡ് മുതലായവ കലാമേളയുടെ പ്രത്യേകതകളാണ്.

മീഡിയ ഈവന്റുകള്‍ ആയ (ഫോട്ടോഗ്രാഫി, ഷോര്‍ട് ഫിലിം, പെയിന്റിംഗ് എന്നിവക്ക് ജനപ്രിയ അവാര്‍ഡുകളും നല്‍കിവരുന്നു. എല്ലാ വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി ആദരിക്കുന്നു.

ഭാരതത്തിന്റെ തനതു കലകള്‍ പരിപോഷിപ്പിക്കുകയും യൂറോപ്പില്‍ മത്സരവേദി ഒരുക്കുകയും ചെയ്യുന്ന കേളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ എംബസ്സിയും സൂര്യ ഇന്ത്യയും പൂര്‍ണ പിന്തുണ നല്‍കുന്നു. കേളി സില്‍വര്‍ ജൂബിലി പ്രമാണിച്ച് പൂതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും അടുത്ത കലാമേളയെന്ന് പ്രസിഡന്റ് റ്റോമി വിരുത്തിയേല്‍അറിയിച്ചു