ഭാര്യയെ കല്യാണം കഴിച്ചു കൊടുക്കാം എന്ന പേരില്‍ 53കാരനില്‍ നിന്ന് 41 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍ ; ഭാര്യ ഒളിവില്‍

ദമ്പതികള്‍ നടത്തുന്ന തട്ടിപ്പ് കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായ ഒന്നായി മാറിക്കഴിഞ്ഞു. ഹണി ട്രാപ്പ് പോലുള്ള തട്ടിപ്പുകളില്‍ അടുത്തകാലത്തായി പിടിയിലായത് മിക്കതും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ കുറച്ചു റീച് ഉള്ളവരില്‍ പലരും ഇപ്പോള്‍ തട്ടിപ്പ് സംഘങ്ങളില്‍ അംഗങ്ങളാണ് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. അത്തരത്തില്‍ ഭാര്യയെ കല്യാണം കഴിച്ചു കൊടുക്കാം എന്ന പേരില്‍ 53കാരനില്‍ നിന്ന് 41 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിലായി. കൂട്ടുപ്രതിയായ ഭാര്യ ഒളിവില്‍. ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ മുന്നില്‍ നിര്‍ത്തി വിവാഹ തട്ടിപ്പ് നടത്തിയ കടമ്പഴിപ്പുറം സ്വദേശി സരിന്‍ കുമാര്‍ (37) ആണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് വിവാഹ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന വ്യാജേനയാണ് ശാലിനി സ്വയം പരിചയപ്പെടുത്തിയത്. മധ്യപ്രദേശില്‍ അധ്യാപികയാണെന്നാണ് പറഞ്ഞിരുന്നത്. പരസ്യം നല്‍കിയ മധ്യവയസ്‌കന്റെ ഫോണില്‍ സന്ദേശങ്ങള്‍ അയച്ച് സൗഹൃദം നടിച്ചു. വാഹനാപകടത്തില്‍ മരിച്ച ആദ്യ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പലരില്‍നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയെന്നു പറഞ്ഞ് പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്രതികള്‍ക്കെതിരെ വഞ്ചന കുറ്റത്തിനാണ് കോങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ പ്രതി കടമ്പഴിപ്പുറം ഭാഗത്ത് താമസിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.