ഇണപിരിയാതെ ഒരുമിച്ചു 79 വര്‍ഷം ; മണിക്കൂറുകള്‍ക്കുള്ളില്‍ മരണം ; അത്യപൂര്‍വ്വമായ ഒരു സ്‌നേഹബന്ധത്തിന്റെ കഥ
79 വര്‍ഷക്കാലം ജീവിതത്തില്‍ പരസ്പരം നിഴലായി നിന്ന ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. ജീവിത യാത്ര മരണത്തിലും അവര്‍ ഒരുമിച്ച് തുടര്‍ന്നു. 100 വയസ്സായിരുന്നു ഇരുവരുടെയും പ്രായം. ഒഹിയോയില്‍ നിന്നുള്ള ഹ്യൂബര്‍ട്ടും ജൂണ്‍ മാലിക്കോട്ടും ആണ് ജീവിതത്തിലും മരണത്തിലും ഒരുമിച്ച് ആയിരുന്ന ആ ദമ്പതികള്‍. ഇരുവരുടെയും മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് അവരുടെ മകന്‍ സാം തന്നെയാണ് ഈ കാര്യങ്ങള്‍ പുറത്തുവിട്ടത്. വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിക്ക് ശേഷമാണ് ജൂണിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പക്ഷേ, അതോടെ വീട്ടില്‍ തനിച്ചായ ഹ്യൂബര്‍ട്ടും ശാരീരികമായി ആകെ തളര്‍ന്നു. അദ്ദേഹത്തിന്റെയും ആരോഗ്യനില വളരെ മോശമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജൂണിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയില്‍ തന്നെ ഹ്യൂബര്‍ട്ടിനെയും പ്രവേശിപ്പിച്ചു.എന്നാല്‍ ആശുപത്രിയിലെത്തിയ അദ്ദേഹം തനിക്ക് തന്റെ പ്രിയപ്പെട്ടവള്‍ കിടക്കുന്ന അതേ മുറിയില്‍ തന്നെ അവള്‍ക്ക് അരികിലായി കിടക്കണമെന്ന് വാശി പിടിച്ചു. ഈ സമയങ്ങളില്‍ ഒക്കെയും ജൂണ്‍ അബോധാവസ്ഥയില്‍ ആയിരുന്നു. കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുത്തു. അങ്ങനെ തന്റെ പ്രിയപ്പെട്ടവള്‍ക്ക് അരികിലായി അവളുടെ കൈപിടിച്ച് അയാള്‍ കിടന്നു.
ഉടന്‍തന്നെ അദ്ദേഹവും അബോധാവസ്ഥയിലേക്ക് മാറി. നവംബര്‍ 30 -ന് രാവിലെ 9. 45 -ന് തന്റെ പ്രിയപ്പെട്ടവള്‍ക്ക് അരികില്‍ കിടന്ന് അയാള്‍ മരണമടഞ്ഞു. കൃത്യം 20 മണിക്കൂറുകള്‍ക്കു ശേഷം നവംബര്‍ ഒന്നിന് പുലര്‍ച്ചെ 5.45 ന് ജൂണും തന്റെ പ്രിയപ്പെട്ടവന് അരികിലേക്ക് മടങ്ങി. ഇത്രയും നാള്‍ നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തില്‍ ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ ഒഴിച്ചാല്‍ ഇരുവരും തമ്മില്‍ ഒരിക്കല്‍പോലും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നത് തങ്ങള്‍ കേട്ടിട്ടില്ല എന്നാണ് ഇവരുടെ മക്കളായ സാമും ജോയും തെരേസയും ഒരേ സ്വരത്തില്‍ പറയുന്നത്.