സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി ഡിസ്‌നി വേള്‍ഡ് മുഴുവനായും ബുക്ക് ചെയ്ത് ഒരു മുതലാളി

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ഡിസ്നി വേള്‍ഡ്. കുടുംബത്തോടെ പോകാന്‍ പറ്റുന്ന മികച്ച ഒരു സ്ഥലം കൂടിയാണ് ഇത്. ഏവരും പോകാന്‍ കൊതിക്കുന്ന ഡിസ്‌നി വേള്‍ഡ് മുഴുവനായും മൂന്നുദിവസത്തേക്ക് തന്റെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമായി ബുക്ക് ചെയ്തു നല്‍കിയിരിക്കുകയാണ് ഒരു കമ്പനി മുതലാളി.

മള്‍ട്ടിനാഷണല്‍ ഹെഡ്ജ് ഫണ്ട് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ സിറ്റാഡല്‍ എല്‍എല്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് കെന്‍ ഗ്രിഫിന്‍ ആണ് ഈ മുതലാളി. തീര്‍ന്നില്ല, ഇദ്ദേഹം ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, പാരീസ്, സൂറിച്ച്, മറ്റ് നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തന്റെ ജീവനക്കാരുടെ വിമാന ടിക്കറ്റിനും ഹോട്ടലുകളിലെ താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് വിനോദ പരിപാടികള്‍ക്കും ആവശ്യമായ മുഴുവന്‍ തുകയും നല്‍കി എന്ന് മാത്രമല്ല ഇതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തു ഇദ്ദേഹം.

ഒന്നിലധികം പാര്‍ക്കുകളിലെ മൂന്ന് ദിവസത്തെ ആഘോഷത്തിനായി ഏകദേശം 10,000 ആളുകള്‍ വാള്‍ട്ട് ഡിസ്‌നി വേള്‍ഡില്‍ ഒത്തുകൂടിയെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. ഈ വര്‍ഷം മറ്റ് പല കമ്പനികളെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ തന്റെ സ്ഥാപനത്തിന് സാധിച്ചത് തന്റെ തൊഴിലാളികളുടെ ശ്രമഫലമായാണെന്നും അതിനാല്‍ അവരുടെ കഠിനാധ്വാനത്തോടുള്ള തന്റെ ആദരവും സ്‌നേഹവുമാണ് ഇത്തരത്തില്‍ പ്രകടിപ്പിച്ചതെന്നും ആണ് ഇതേക്കുറിച്ച് കെന്‍ ഗ്രിഫിന്‍ പറഞ്ഞത്. ഫോര്‍ബ്സ് സമ്പന്നരുടെ പട്ടിക പ്രകാരം ഏകദേശം 31.7 ബില്യണ്‍ യുഎസ് ഡോളറാണ് (2,61,03,84,050 രൂപ) ഹെഡ്ജ് ഫണ്ട് ബിഗ്വിഗിന്റെ മൂല്യം. ഇതോടെ ലോകത്തെ ഏറ്റവും വലിയ 40 -ാമത്തെ സമ്പന്നനായി മാറിയിരിക്കുകയാണ് കെന്‍ ഗ്രിഫിന്‍.