ഉണ്ണി മുകുന്ദന്‍ പറ്റിച്ചു എന്ന ആരോപണവുമായി നടന്‍ ബാല
നടന്‍ ഉണ്ണി മുകുന്ദന്‍ പറ്റിച്ചുവെന്ന് ആരോപണവുമായി നടന്‍ ബാല.തന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ സഹകരിച്ച ആര്‍ക്കും പ്രതിഫലം കൊടുക്കാതെ ചതിക്കാന്‍ പാടുണ്ടോ എന്നും ഒരൊറ്റ ടെക്നിഷ്യന് പോലും പൈസ കൊടുക്കാതെ എല്ലാവരെയും കഷ്ടപ്പെടുത്തുകയാണ് നടന്‍ ചെയ്തതെന്നും ബാല പ്രതികരിച്ചു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലയുടെ പ്രതികരണം. ഉണ്ണി മുകുന്ദന്‍ ചെറിയ പയ്യനാണ്. ഒരു സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും പ്രതിഫലം കൊടുക്കാതെ ചതിക്കാന്‍ പാടുണ്ടോ? ചിത്രീകരണം നടന്ന് കൊണ്ടിരിക്കവേ ജനറേറ്ററിന് മുകളില്‍ നിന്നും ഒരു പയ്യന്‍ താഴെ വീണു. ആരാണ് അവനെ ആശുപത്രിയില്‍ കൊണ്ട് പോയത്. മനുഷ്യത്വമെന്ന് പറയുന്നത് നോക്കണ്ടേ. ഒരൊറ്റ ടെക്നിഷ്യന് പോലും പൈസ കൊടുക്കാതെ എല്ലാവരെയും കഷ്ടപ്പെടുത്തുകയാണ് ചെയ്തത്.
കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ട് തന്നെയാണ് അഭിനയിച്ചത്. നമ്മളെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചിട്ട് കാശ് തരാതെ സ്വന്തമായി ഒരു കാറ് വാങ്ങിയിരിക്കുകയാണ് ഉണ്ണി. ഒന്നര കോടിയോളം വില വരുന്ന കാറാണ് ഉണ്ണി മുകുന്ദന്‍ വാങ്ങിയത്’ ബാല വെളിപ്പെടുത്തി. അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹം പരാതി കൊടുക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോവാന്‍ തീരെ താല്‍പര്യമില്ല. മര്യാദയ്ക്ക് എല്ലാവരുടെയും കാശ് കൊടുത്ത് അവരെ വിടണം. മാത്രമല്ല ഇക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, ആരെയും പേടിയുമില്ല. പെണ്ണുങ്ങള്‍ക് മാത്രമല്ല ക്യാഷ് കൊടുക്കേണ്ടത്. അതിനു വേറെ അര്‍ത്ഥമുണ്ട്.
എന്നെ ചതിച്ചോ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവന്‍ അഭിനയിച്ചോട്ടെ, നിര്‍മ്മിക്കാന്‍ നില്‍ക്കണ്ട. എല്ലാ കാര്യങ്ങളും ദൈവം നോക്കിക്കോളും, ഞാന്‍ പരാതിയൊന്നും കൊടുക്കുന്നില്ല. ഇടവേള ബാബു അതാണ് പറയുന്നതെങ്കിലും താന്‍ അതിന് നില്‍ക്കുന്നില്ല. എനിക്ക് ഒരു പൈസയും വേണ്ട, പാവപ്പെട്ട എല്ലാവര്‍ക്കും കാശ് കൊടുക്കണമെന്നാണ് തന്റെ ആവശ്യം ബാല വെളിപ്പെടുത്തുന്നു. സിനിമയില്‍ അഭിനയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പിന്നെയും പോയി ചോദിക്കാന്‍ നമ്മള്‍ ഭിക്ഷക്കാരൊന്നുമല്ലല്ലോ? അത് നാണക്കേടാണ്. ഇനി എല്ലാ സത്യങ്ങളും പുറത്ത് വരട്ടേ, ഞാന്‍ സിനിമ ചെയ്ത് കാണിക്കാം. ഞാന്‍ നില്‍ക്കുന്നത് എന്റെ നീതിയില്‍ വിശ്വസിച്ചിട്ടാണ്. ഒരു അപകടം പറ്റി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഞാന്‍ ഉണ്ണിയെ വിളിച്ചിരുന്നു. അതിന് ഒരു പ്രതികരണവും ഉണ്ടായില്ല. ലാഭം മുഴുവന്‍ എടുത്തു. എന്നിട്ടും സംവിധായകനോ പാവപ്പെട്ട ടെക്നീഷ്യന്മാര്‍ക്കോ ശമ്പളം കൊടുക്കാന്‍ പറ്റാത്തത് കഷ്ടമാണ് ബാല കൂട്ടിച്ചേര്‍ത്തു.മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.