ലിഫ്റ്റ് നല്‍കാത്തതിന്റെ പക ; വര്‍ക്കലയില്‍ പുതുപുത്തന്‍ ബൈക്ക് കത്തിച്ച യുവാവ് ഒളിവില്‍
ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ ബൈക്ക് കത്തിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. 15 ദിവസം മുമ്പ് വാങ്ങിയ ബൈക്ക് ആണ് യുവാവ് കത്തിച്ചത്.സംഭവത്തിനു ശേഷം ഒളിവില്‍ പോയ പില്ലാന്നികോട് സ്വദേശി നിഷാന്തിനായി പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തും അയല്‍വാസിയുമായ വിനീതിന്റെ ബൈക്കാണ് ഇയാള്‍ കത്തിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ട് മുറ്റത്ത് ഇട്ടിരുന്ന പില്ലാന്നിക്കോട് സ്വദേശി വീനിതിന്റെ പുതിയ ബൈക്കാണ് കത്തിച്ചത്.
പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വിനീതും വീട്ടുകാരും ഉണര്‍ന്നത്. ഉടനെ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വണ്ടി പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. വീടിന്റെ തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരയും വയറിംഗും ഭാഗികമായി നശിച്ചു.
ഒരുലക്ഷത്തി രണ്ടായിരം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ഇന്നലെ രാത്രി വിനീത് വീടിനു സമീപത്തുള്ള റോഡില്‍ സുഹൃത്ത് നിഷാന്തുമായി സംസാരിച്ചിരുന്നു. സഹോദരിയുടെ വീട്ടില്‍ ബൈക്കില്‍ എത്തിക്കണമെന്ന് നിഷാന്ത് ആവശ്യപ്പെട്ടെങ്കിലും വിനീത് വിസമ്മതിച്ചു. ബൈക്ക് കത്തിച്ചുകളയുമെന്ന് ഭീഷണി മുഴക്കി വാക്കേറ്റമായി. പിന്നാലെ പുലര്‍ച്ചെ വിനീതിന്റെ വീട്ടിലെത്തി നിഷാന്ത് ബൈക്ക് കത്തിക്കുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.