പലസ്തീന്‍ അനുകൂല സിനിമ ; നെറ്റ്ഫ്‌ലിക്‌സിനെതിരെ ഇസ്രയേലില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

നെറ്റ്ഫ്‌ലിക്‌സിനെതിരെ ഇസ്രയേലി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. ഇസ്രായേല്‍ അനുകൂല ജോര്‍ദാനിയന്‍ സിനിമയായ ‘ഫര്‍ഹ’ സംപ്രേഷണം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കള്‍ സിനിമയ്ക്കും നെറ്റ്ഫ്‌ലിക്‌സിനുമെതിരെ രംഗത്തുവന്നത്. നിരവധി ഉപഭോക്താക്കള്‍ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഉപേക്ഷിച്ചു. ട്വിറ്ററില്‍ ഇതിനായുള്ള ക്യാമ്പയിനും നടക്കുകയാണ്. 1948ല്‍ നടക്കുന്ന കഥയാണ് ഫര്‍ഹയിലുള്ളത്. 1948ല്‍ ഇസ്രയേല്‍ സൈന്യം പലസ്തീനില്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്ന് സംരക്ഷിക്കാന്‍ മകളെ പിതാവ് ഒരു മുറിയില്‍ പൂട്ടിയിടുകയാണ്. അവിടെനിന്ന് ഇസ്രയേല്‍ സൈന്യം തന്റെ കുടുംബത്തെ കൊലപ്പെടുത്തുന്നത് മകള്‍ കാണുകയാണ്. ഇതാണ് സിനിമയുടെ ഇതിവൃത്തം.

ഈ സിനിമയ്‌ക്കെതിരെയാണ് ഇസ്രയേലികള്‍ രംഗത്തുവന്നത്. രാജ്യത്തിന്റെ സൈന്യത്തെ രക്തക്കൊതിയന്മാരായ രാക്ഷസന്മാരായി കാണിക്കുന്നു എന്നും അത് സത്യമല്ല എന്നും അവകാശപ്പെട്ട് നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് സിനിമ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഒരു ഓണ്‍ലൈന്‍ അപേക്ഷയും ചിലര്‍ നല്‍കിയിട്ടുണ്ട്. ജോര്‍ഡാനിയന്‍ സംവിധായിക ഡാരിന്‍ ജെ സല്ലാം അണിയൊച്ചൊരുക്കിയ ചിത്രം വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ നെറ്റ്ഫ്‌ലിക്‌സ് മറുപടി നല്‍കിയിട്ടില്ല.