വിവാഹത്തലേന്ന് വധു പാറക്കുളത്തില്‍ വീണു പിന്നാലെ ചാടി വരനും ; വിവാഹം മാറ്റിവെച്ചു
സെല്‍ഫി എടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധരണമാണ്. പലപ്പോഴും ജീവന്‍ വരെ ഇല്ലാതാകുന്ന തരത്തിലാണ് പലരുടെയും സെല്‍ഫി ഭ്രാന്ത്. അത്തരത്തില്‍ സെല്‍ഫി കാരണം കല്യാണം മാറ്റി വെക്കേണ്ട അവസ്ഥയിലാണ് കൊല്ലത്തു ഉള്ള യുവാവും യുവതിയും. വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു 150 അടി താഴ്ചയുള്ള പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. 50 അടിയോളം വെള്ളമുള്ള പാറക്കുളത്തിലേക്ക് ആണ് യുവതി വീണത്. ഇത് കണ്ടു രക്ഷിക്കാനായി പ്രതിശ്രുത വരനും കൂടെ ചാടി. വരന്‍ യുവതിയെ രക്ഷിച്ചു എങ്കിലും ഇരുവര്‍ക്കും കരയില്‍ കയറുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് യുവതിയെ ചേര്‍ത്ത് പിടിച്ച് പാറയില്‍ സപ്പോര്‍ട്ട് ചെയ്തു ഇരിക്കുകയായിരുന്നു ഇരുവരും. ഓടിക്കൂടിയ നാട്ടുകാരും അഗ്‌നശമനസേനയും ചേര്‍ന്നാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്.
പരവൂര്‍ സ്വദേശി വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി സ്വദേശിനി സാന്ദ്ര എസ്.കുമാറു(19)മാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവെച്ചു. പകല്‍ക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തുകൂടി കാട്ടുപുറത്തെ പാറക്കുളത്തിന് സമീപത്തേക്കാണ് ഇന്നലെ രാവിലെയോടെ വിനുവും സാന്ദ്രയും എത്തിയത്. സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാന്ദ്ര പാറക്കുളത്തിലേക്ക് വീണത്. ഇതോടെ രക്ഷിക്കാനായി വിനുവും കൂടെ ചാടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുകയായിരുന്ന സാന്ദ്രയെ പിടിച്ചെടുത്ത് സമീപത്തെ പാറയ്ക്ക് അരികിലേക്ക് വിനു എത്തിക്കുകയായിരുന്നു. ഇരുവരും പാറയില്‍ അള്ളിപ്പിടിച്ച് നിന്നു. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തപ്രദേശമായ ഇവിടെ പാറപൊട്ടിക്കല്‍ ഒരുവര്‍ഷം മുമ്പ് അവസാനിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി ഖനനം നടത്തിയതിന്റെ ഭാഗമായാണ് അഗാധമായ ഗര്‍ത്തവും പാറക്കുളവും രൂപപ്പെട്ടത്.
സമീപത്തെ റബ്ബര്‍ത്തോട്ടത്തില്‍ ടാപ്പിങ് ജോലി ചെയ്തുകൊണ്ടുനിന്ന യുവാവാണ് പാറക്കുളത്തിലേക്ക് അടുപ്പിച്ച് രണ്ടുതവണ എന്തോ വീണ ശബ്ദം കേട്ട് ഓടിയെത്തിയത്. ഈ സമയം പാറയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന യുവാവിനെയും യുവതിയെയുമാണ് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെ വിളിച്ചുകൂട്ടി. എന്നാല്‍ നീന്തല്‍ അറിയാവുന്ന ആരും ഉണ്ടായിരുന്നില്ല. അതിനിടെ പൊലീസിലും അഗ്‌നിശമനസേനയിലും വിവരം അറിയിച്ചു. അതിനിടെ സാന്ദ്രയും വിനുവും നാട്ടുകാര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചു വെള്ളത്തില്‍ കിടന്നു. അതിനിടെ ടയര്‍ കടയില്‍നിന്ന് ലോറിയുടെ ട്യൂബും എത്തിച്ചു. പിന്നീടാണ് സമീപത്തെ വീട്ടില്‍നിന്ന് മീന്‍ പിടിക്കാനായി നിര്‍മ്മിച്ച ചങ്ങാടത്തില്‍ സുധീഷ്, ശരത്ത് എന്നീ ചെറുപ്പക്കാര്‍ ടയറിന്റെ ട്യൂബുമായി വെള്ളത്തിലേക്ക് ചാടിയത്.
ഇവര്‍ സാന്ദ്രയുടെയും വിനുവിന്റെയും അടുത്തെത്തി. ആദ്യം സാന്ദ്രയെ ചങ്ങാടത്തില്‍ കയറ്റി സുരക്ഷിതമായി കരയില്‍ എത്തിച്ചു. ഈ സമയം കൂടുതല്‍ ഉറപ്പുള്ള കയര്‍ ഉപയോഗിച്ച് വിനുവിനെ ബന്ധിപ്പിച്ച് നിര്‍ത്തി. പിന്നീട് തിരികെയെത്തി വിനുവിനെയും കരയ്‌ക്കെത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ സാന്ദ്രയെയും വിനുവിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലായതിനാല്‍ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവെച്ചിട്ടുണ്ട്. ദുബായിലായിരുന്ന വിനു ഒരാഴ്ച മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.