‘കസ്റ്റമര്‍ ഇല്ലാതെ അനാശാസ്യം നടക്കില്ല’ ; ഇടപാടുകാരനും കുറ്റക്കാരന്‍ എന്ന് ഹൈക്കോടതി
അനാശാസ്യ കേന്ദ്രത്തില്‍ എത്തുന്ന ഇടപാടുകാരനും കുറ്റക്കാരന്‍ എന്ന് ഹൈക്കോടതി. മൂവാറ്റുപുഴ സ്വദേശിയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ലൈംഗിക ചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ലെന്നും ഇടപാടുകാരന്‍ ഇല്ലാതെ അനാശാസ്യം നടക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ആവശ്യക്കാരന്‍ പരിധിയില്‍ വരുന്നില്ലെങ്കില്‍ നിയമത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്ന് കോടതി വിലയിരുത്തി. എറണാകുളം രവിപുരത്ത് ആയുര്‍വേദ ആശുപത്രി എന്ന പേരില്‍ നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍വെച്ച് പിടിയിലായതിന് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുവ്വാറ്റുപുഴ സ്വദേശി ഹര്‍ജി നല്‍കിയത്.
2007-ലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടപാടുകാരനായ തനിക്കെതിരെ അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഇടപാടുകാരന്‍ (കസ്റ്റമര്‍) എന്നത് നിയമത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം തള്ളിയ കോടതി, നിയമത്തില്‍ പറയുന്ന ‘വ്യക്തി’ എന്നതിന്റെ പരിധിയില്‍ കസ്റ്റമറും വരുമെന്ന് വ്യക്തമാക്കി. കസ്റ്റമറും നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് തന്നെയാണ് നിയമനിര്‍മ്മാണ സമിതി ഉദ്ദേശിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്.