യൂട്യൂബ് കാരണം പരീക്ഷയില്‍ തോറ്റെന്ന് ആരോപണം ; 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് 25,000 രൂപ പിഴ ചുമത്തി കോടതി
പഠിക്കേണ്ട സമയത്തു പഠിക്കാതെ യു ട്യൂബും നോക്കി ഇരുന്നിട്ട് അവര്‍ക്കെതിരെ കേസ് കൊടുത്ത യുവാവിന് തക്കതായ ശിക്ഷ നല്‍കി കോടതി. പരീക്ഷയില്‍ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് ആണ് സുപ്രീം കോടതി കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴ ചുമത്തിയത്. യൂട്യൂബില്‍ അശ്ലീല പരസ്യങ്ങള്‍ വരുന്നുണ്ടെന്നും ഇതുമൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ആരോപിച്ച് ഒരു യുവാവ് സര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.മധ്യപ്രദേശ് പൊലീസ് പരീക്ഷയില്‍ പരാജയപ്പെട്ടത്തിന് പിന്നാലെ ആനന്ദ് പ്രകാശ് ചൗധരി എന്ന വിദ്യാര്‍ത്ഥിയാണ് യൂട്യുബിനെതിരെ ഹര്‍ജിയുമായി എത്തിയത്.
പരീക്ഷയില്‍ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. 75 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട യുവാവ് ഇത്തരം പരസ്യങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചത്. യൂട്യൂബ് കാണണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. പരീക്ഷയില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ യൂട്യൂബ് കാണരുത്. പരസ്യം കാണാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് കാണരുതെന്ന് പറഞ്ഞ കോടതി ഇത് ഏറ്റവും മോശം ഹര്‍ജികളില്‍ ഒന്നാണെന്നും കോടതിയുടെ സമയം നശിപ്പിക്കാന്‍ മാത്രമാണ് ഇത്തരമൊരു ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്നും വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് ഹരജിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തിയത്.