അധികൃതര്‍ അറിയാതെ പ്ലസ് ടു വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജിലെ ക്ലാസിലിരുന്നത് നാലു ദിവസം ; സംഭവം കോഴിക്കോട്

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആണ് എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി നാലു ദിവസം ക്‌സാസിലിരുന്നത്. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ ഹാജര്‍പ്പട്ടികയും പ്രവേശന രജിസ്റ്ററും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് കണക്കില്‍പ്പെടാതെ ഒരു വിദ്യാര്‍ഥി അധികമുള്ളതായി കണ്ടെത്തി.

കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ടെങ്കിലും പ്രവേശന രജിസ്റ്ററില്‍ ഇല്ലായിരുന്നു. കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യം ദുരൂഹമാണ്. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ പ്ളസ്ടുക്കാരി മെഡിസിന്‍ ക്ളാസിലിരുന്നത്. വാട്‌സാപ്പിലും ഫേസ്ബുക്കിലുമെല്ലാം സുഹൃത്തുക്കള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥിനി തനിക്ക് എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയതായി മേസെജ് അയച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ ഇത് സംബന്ധിച്ച് വ്യാഴാഴ്ച പരാതി നല്‍കി. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ എം.എല്‍. ബെന്നി ലാലുവിനാണ് അന്വേഷണച്ചുമതല.