തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച 42 പേര്‍ ; മാതാപിതാക്കളെ ആശുപത്രികളില്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
കേരളത്തില്‍ ചികിത്സയ്ക്കായി എത്തിച്ച് മാതാപിതാക്കളെ ആശുപത്രികളില്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇത്തരത്തില്‍ 42 ആളുകളാണ് അശരണരും അനാഥരുമായി കഴിയുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൂലിത്തൊഴിലാളികള്‍ വരെ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഉള്ളതെല്ലാം മക്കള്‍ക്ക് വീതം വെച്ച് നല്‍കിയവരാണ് കൂട്ടത്തില്‍ ഏറെയും. എപ്പോഴെങ്കിലും മക്കള്‍ കൂട്ടികൊണ്ടു പോകാന്‍ വരും എന്ന പ്രതീക്ഷയിലാണ് പലരും. ഓര്‍ത്തോ വിഭാഗത്തില്‍ മാത്രം 19 പേരാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ഒരു നേരത്തെ ആഹാരം പോലും അവിടെ ഉള്ള ഡോക്ക്ട്ടര്‍മാരോ അല്ലെങ്കില്‍ മറ്റുള്ള രോഗികളുടെ കൂട്ടിരുപ്പുകാരോ വാങ്ങി നല്‍കേണ്ട അവസ്ഥയിലാണ് എല്ലാവരും.
അതേസമയം ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെടുന്നവരെ സംരക്ഷിക്കാന്‍ വെമ്പായത്ത് ആശ്രയ കേന്ദ്രം നിര്‍മ്മിക്കുമെന്നും ഇതിനായി 12 ഏക്കര്‍ സ്ഥലം വാങ്ങിയതായും ആശ്രയ ഡയറക്ടര്‍ കലയപുരം ജോസ് അറിയിച്ചു. അവിടെ വലിയ നിലയില്‍ കെട്ടിടം നിര്‍മ്മിക്കും. മെഡിക്കല്‍ കോളജില്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത എല്ലാവരെയും ഏറ്റെടുക്കും. ഇന്ന് 18 പേരെയാണ് ഏറ്റെടുക്കുന്നത്. ഡിസ്ചാര്‍ജ് ആകുന്ന മുറയ്ക്ക് 42 പേരെയും ഏറ്റെടുക്കും. എല്ലാവരെയും ആശ്രയ സങ്കേതത്തിന്റെ കീഴില്‍ മരണം വരെ സംരക്ഷിക്കും. ഇന്ന് ഏറ്റെടുക്കുന്ന 18 പേര്‍ക്കായി കലയപുരം ആശ്രയ സംഘത്തില്‍ പ്രത്യേകം വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്ക് അഭയം നല്‍കാമോ എന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയ തീരുമാനിച്ചത്.