ബ്രസീലിന് കണ്ണീര്‍ ; അര്‍ജന്റീനക്ക് സെമി

ബ്രസീല്‍ ടീമിനും ആരാധകര്‍ക്കും ഖത്തറില്‍ നിന്നും കണ്ണീരോടെ മടക്കം.ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ക്രൊയേഷ്യ സെമിയില്‍ കടന്നു. ഷൂട്ടൗട്ടില്‍ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ തകര്‍ത്തത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാര്‍ക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതോടെ ബ്രസീല്‍ പുറത്തേക്ക്. സെമിയിലേക്ക് നടന്നുകയറിയ ബ്രസീലിനെതിരെ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ ക്രൊയേഷ്യ സമിനില ഗോള്‍ നേടുകയായിരുന്നു.

നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയും എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പില്‍ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ല്‍ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. അതിനിടെ എമിലിയാനോ മാര്‍ട്ടീനസിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ അര്‍ജന്റീന സെമിയില്‍ എത്തി. അര്‍ജന്റീനിയന്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ അയാള്‍ ഇല്ലാതിരുന്നെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ മെസിപ്പടയുടെ വിധി മറ്റൊന്നാകുമായിരുന്നു. രണ്ട് ഗോള്‍ നേടി മുന്നിട്ട് നിന്ന അര്‍ജന്റീനയ്‌ക്കെതിരെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് നെതര്‍ലാന്‍ഡ് സമനില കുരുക്കിട്ടത് മുതല്‍ ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകരുടെ പ്രതീക്ഷ അയാളുടെ കൈകളിലായിരുന്നു. എമിലിയാനോ മാര്‍ട്ടീനെസ്.

പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കുന്നില്ല എന്ന് പറഞ്ഞു നടന്ന വിമര്‍ശകരുടെ വായടിപ്പിച്ച് മെസിപ്പടയുടെ സെമി പ്രവേശനത്തിന് എമിലിയാനോ മാര്‍ട്ടീനെസ് വഴിയൊരുക്കി.
സ്പോട്ട് കിക്കുകളില്‍ നെതര്‍ലന്‍ഡ്സിന്റെ ആദ്യ 2 കിക്കുകളും തടുത്തിട്ടാണ് എമിലിയാനോ മാര്‍ട്ടീനെസ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ഡച്ച് ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ഡൈക്ക്, പിന്നാലെ രണ്ടാം കിക്കെടുത്ത ബെര്‍ഗ്യൂസിന്റെ ഷോട്ടും അര്‍ജന്റീനിയന്‍ ഗോളി തട്ടിയകറ്റി. അപ്രതീക്ഷിത തോല്‍വിലേക്ക് കൂപ്പുകുത്തുമായിരുന്ന അര്‍ജന്റീനയെ കൈപ്പിടിച്ചു കയറ്റിയ എമിയെ നായകന്‍ ലയണല്‍ മെസി ആശ്ലേഷിച്ചത് മത്സരത്തിന്റെ സുന്ദരനിമിഷങ്ങളിലൊന്നായി.

നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി നഹ്വെല്‍ മൊളീന്യയും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ഗോളടിച്ചപ്പോള്‍ നെതര്‍ലാന്‍ഡ്സിനായി വൗട്ട് വെഗോര്‍സ്റ്റ് ഇരട്ട ഗോളുകള്‍ നേടി. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പെരെഡെസ്, ഗോണ്‍സാലോ മോണ്ടിയല്‍, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവര്‍ ഗോള്‍ നേടി. മറുവശത്ത് ടിയൂന്‍ കൂപ്പ്മെയ്നേഴ്സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവരുടെ ശ്രമങ്ങളും ലക്ഷ്യം കണ്ടു.