കനത്ത മഴ ; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് വിലക്ക്.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളിലാണ് വിലക്ക്.
അതേസമയം മാന്‍ദൗസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ നാല് മരണം. ചെന്നൈയില്‍ മൂന്നുപേരും കാഞ്ചീപുരത്ത് ഒരാളുമാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റും മതില്‍ ഇടിഞ്ഞു വീണുമാണ് മരണം സംഭവിച്ചത്. ചെന്നൈയില്‍ മരിച്ചത് സെയ്താപേട്ട് കേശവവേലിന്റെ ഭാര്യ ലക്ഷ്മി (40), മടിപ്പാക്കം സ്വദേശികളായ രാജേന്ദ്രന്‍ (25), ലക്ഷ്മി (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചുഴലിക്കാറ്റ് ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് വച്ച് കരയില്‍ പ്രവേശിച്ചത്. കരതൊട്ടത്തിന് പിന്നാലെ ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ടു. അതേസമയം വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദത്തിന്റെ പാതയും ശക്തിയും വ്യക്തമാകുന്നതിനനുസരിച്ച് മഴ പ്രവചനങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കും.ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ പലയിടത്തും മഴ തുടരുകയാണ്.