സുശാന്ത് മരിച്ച ഫ്ളാറ്റില്‍ താമസിക്കാന്‍ മടിച്ചു വാടകക്കാര്‍ ; രണ്ടര വര്‍ഷത്തിനു ശേഷവും ഫ്ളാറ്റ് ഒഴിഞ്ഞു കിടക്കുന്നു

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം നടന്നു രണ്ടര വര്‍ഷം കഴിയുമ്പോഴും ആ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും വാദപ്രതിവാദങ്ങളും ഒന്നും അടങ്ങിയിട്ടില്ല. തന്റെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. തനിച്ചായിരുന്നു സുശാന്ത് അവിടെ കഴിഞ്ഞിരുന്നത്. സുശാന്തിന്റെ മരണശേഷം അനാഥമായ കടലിന് അഭിമുഖമായുള്ള ഫ്‌ലാറ്റ് ഇപ്പോഴും പുതിയ താമസക്കാരനെ ലഭിക്കാതെ കാത്തിരിപ്പിലാണ്. ഫ്‌ലാറ്റിലേക്ക് പുതിയ താമസക്കാരെ ക്ഷണിച്ചു കൊണ്ട് ഉടമ പരസ്യം നല്‍കിയെങ്കിലും ഇവിടെ താമസിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ റഫീഖ് മെര്‍ച്ചന്റ് വാടകക്കാരെ തേടിക്കൊണ്ട് ഫ്‌ലാറ്റിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

പ്രതിമാസം അഞ്ച് ലക്ഷം രൂപയാണ് ഈ ആഢംബര ഫ്‌ലാറ്റിന്റെ വാടക.2020 ജൂണ്‍ 14 നാണ് മുംബൈയിലെ ഫ്‌ലാറ്റില്‍ സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് കണ്ടെത്തല്‍. ഈ ഫ്‌ലാറ്റില്‍ താമസിക്കാന്‍ ആളുകള്‍ ഭയക്കുന്നതാണ് വാടകക്കാരെ കിട്ടാത്തതിനു കാരണമായി റഫീഖ് മെര്‍ച്ചന്റ് പറയുന്നത്. പരസ്യം കണ്ട് താത്പര്യം അറിയിച്ച് ആരെങ്കിലും എത്തിയാല്‍ തന്നെ സുശാന്ത് സിംഗ് മരിച്ചത് ഈ ഫ്‌ലാറ്റില്‍ വെച്ചാണെന്ന് അറിയുമ്പോള്‍ പിന്തിരിയുകയാണ്. ഫ്‌ലാറ്റ് സന്ദര്‍ശിക്കാന്‍ പോലും മുമ്പ് ആരും തയ്യാറായിരുന്നില്ല. ഇപ്പോള്‍ പലരും വന്ന് ഫ്‌ലാറ്റ് നോക്കി പോകുന്നുണ്ടെങ്കിലും ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും റഫീഖ് മെര്‍ച്ചന്റെ പറയുന്നു.

ഫ്‌ലാറ്റിന്റെ ഉയര്‍ന്ന വാടകയും പുതിയ താമസക്കാരെ ലഭിക്കാത്തതിനു ഒരു കാരണമാണ്. വാടകയില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ഉടമയും തയ്യാറല്ല. വാടക കുറച്ചിരുന്നെങ്കിലും ഇതിനകം പുതിയ വാടകക്കാരനെ കിട്ടുമായിരുന്നുവെന്നാണ് റിയല്‍ എസ്റ്റേറ്റ് മാനേജര്‍ പറയുന്നത്. വാടകക്കാര്‍ അതേ പ്രദേശത്ത് സമാനമായ വലുപ്പത്തിലുള്ള മറ്റേതെങ്കിലും ഫ്‌ലാറ്റ് വാങ്ങാനാണ് താത്പര്യപ്പെടുന്നത്. കാരണം ഈ ഫ്‌ലാറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അകപ്പെടാന്‍ ആര്‍ക്കും താത്പര്യമില്ല. 2019 ലാണ് സുശാന്ത് കടലിന് അഭിമുഖമായുള്ള ഈ ഫ്‌ലാറ്റിലേക്ക് താമസം മാറുന്നത്. 3,600 സ്‌ക്വയര്‍ ഫീറ്റുള്ള ഫ്‌ലാറ്റില്‍ പ്രതിമാസം 4.51 ലക്ഷം രൂപയായിരുന്നു സുശാന്ത് നല്‍കിയിരുന്നത്. നാല് മുറികളുള്ള ഡ്യൂപ്ലക്‌സ് ഫ്‌ലാറ്റാണിത്. മുംബൈ ബാന്ദ്ര വെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ലാറ്റിന് 5 ലക്ഷം രൂപയാണ് പുതിയ വാടക.ഒരു എന്‍ആര്‍ഐയാണ് ഫ്‌ലാറ്റിന്റെ യഥാര്‍ത്ഥ ഉടമ. സുശാന്തിന്റെ മരണത്തോട ഇനി ബോളിവുഡ് താരങ്ങള്‍ക്ക് ഈ ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കില്ലെന്നാണ് ഉടമയുടെ നിലപാട്. ഏതെങ്കിലും ബിസിനസ്സുകാരെയാണ് വാടകക്കാരായി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫ്‌ലാറ്റില്‍ താമസിക്കാന്‍ തയ്യാറായി ആരും ഇതുവരെ റിയല്‍ എസ്റ്റേറ്റ് മാനേജരെ സമീപിച്ചിട്ടില്ല.