സര്‍ക്കാര്‍ കഴിവുകേട് വെളിപ്പെടുത്തി അട്ടപ്പാടി ; ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് മുളയില്‍ തുണികെട്ടി ചുമന്ന്
ആദിവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനാസ്ഥയും കഴിവുകേടും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി അട്ടപ്പാടി. ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചിലവാക്കി എന്ന് തള്ളുന്ന നാട്ടില്‍ അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആംബുലന്‍സില്‍ എത്തിച്ചത് മുളയില്‍ തുണികെട്ടി ചുമന്ന്. കടുക് മണ്ണ ഊരിലെ സുമതിയെയാണ് ആംബുലന്‍സില്‍ എത്തിക്കാന്‍ അഞ്ച് കിലോമീറ്റര്‍ ചുമന്നത്. ജൂനിയര്‍ ഇന്‍സ്‌പെക്ടറുടെ സമയോചിത ഇടപെടലാണ് യുവതിയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചത്. ഇന്നലെ രാത്രി 12.30 നാണ് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ സുമതിക്ക് പ്രസവവേദന അനുഭവപ്പെടുന്നത്.
ഊരുകാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിവരം അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോട്ടത്തറ ആശുപത്രിയിലേക്ക് ആംബുലന്‍സിന് വിളിച്ചെങ്കിലും അവിടെ ഇല്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റിന് കീഴിലുള്ള ഐടിഡിപിയിലേക്ക് വിളിച്ചു. അവിടെയും ആംബുലന്‍സ് ഇല്ലെന്നായിരുന്നു മറുപടി ലഭിച്ചത്. തുടര്‍ന്ന് 108 ല്‍ വിളിച്ചപ്പോള്‍ ആണ് ആംബുലന്‍സ് ലഭിച്ചത്. ആംബുലന്‍സ് ലഭിച്ചെങ്കിലും ഊര് വരെ വണ്ടി എത്തില്ലായിരുന്നു. ആനവായ് ഊര് വരെയാണ് വണ്ടിക്ക് എത്താനാകുക. തുടര്‍ന്നാണ് കടുകുമണ്ണ ഊരില്‍ നിന്നും അര്‍ധരാത്രി മുളയില്‍ കെട്ടി സുമതിയെ ആംബുലന്‍സില്‍ എത്തിക്കുന്നത്.
ആറ് മണിയോടെ ഗര്‍ഭിണിയുമായി ആംബുലന്‍സ് ആശുപത്രിയില്‍ എത്തി. ഏഴ് മണിയോടെ സുമതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
അട്ടപ്പാടിയിലെ കുറുമ്പ മേഖലയില്‍ റോഡുകള്‍ ശോചനീയാവസ്ഥയിലാണ്. മഴക്കാലത്ത് വണ്ടി എത്താന്‍ സാധിക്കുന്ന തരത്തില്‍ റോഡ് സൗകര്യം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മുമ്പ് കുറുമ്പ വിഭാഗത്തില്‍ തന്നെ മരിച്ച കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് നടന്നു പോകുന്ന ചിത്രം പുറത്തുവന്നിരുന്നു. ആദിവാസി ക്ഷേമ കാര്യത്തില്‍ തുടരുന്ന അനാസ്ഥയാണ് ഇതിനെല്ലാം കാരണമെന്ന് ആക്ഷേപം ഉണ്ട്. പേപ്പറുകളില്‍ മാത്രമായി ആദിവാസി ക്ഷേമം ചുരുങ്ങിയിട്ട് കാലങ്ങളായി.