ചെലവ് 2870 കോടി ; ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമായ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 2780 കോടി മുതല്‍മുടക്കിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പേരാണ് പ്രധാനമന്ത്രി മോപയിലെ പുതിയ വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്. ജനുവരി 5 ന് പ്രവര്‍ത്തനസജ്ജമാകുന്ന വിമാനത്താവളത്തിന്റെ ആദ്യഘട്ടത്തിന് പ്രതിവര്‍ഷം 44 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടാകും. പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കിയാല്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും.
ഗോവയില്‍ ഇപ്പോഴുള്ള ദബോലിം വിമാനത്താവളത്തിന് ഒരു വര്‍ഷം 85 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെങ്കിലും ചരക്ക് ഗതാഗതത്തിനുള്ള സൗകര്യം ഇവിടെ ഇല്ല. അത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലൊരുക്കിയ വിമാനത്താവളമാണ് മോപയിലേത്. 3D മോണോലിതിക് പ്രീകാസ്റ്റ് കെട്ടിടങ്ങള്‍, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികള്‍, 5G അനുകൂല ഐടി ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവ വിമാനത്താവളത്തിന്റെ പ്രത്യേകതകളാണ്. പൂര്‍ണമായും സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കിയൊരുക്കിയ വിമാനത്താവളത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ്, ഹരിത നിര്‍മ്മിത കെട്ടിടങ്ങള്‍, മഴവെള്ള സംഭരണികള്‍, പുനരുത്പാദന ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റ്, തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൂടാതെ റണ്‍വേയില്‍ എ.ഇ.ഡി ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്.