8ാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് കുടുംബം
കോഴിക്കോട് : അഴിയൂരില്‍ ലഹരി മാഫിയ എട്ടാം ക്ലാസുകാരിയെ കാരിയര്‍ ആക്കിയ കേസിലെ ഇപ്പോളത്തെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നു കുട്ടിയുടെ കുടുംബം. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്ന് കുട്ടിയുടെ ഉമ്മയും പിതൃ സഹോദരിയും ആവശ്യപ്പെട്ടു. ഇത് വരെയും ലഹരി മാഫിയയിലെ ഒരാളെ പോലും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നല്‍കിയ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി മുഖവിലക്കെടുക്കുന്നില്ല. കുട്ടിക്ക് ലഹരി നല്‍കിയെന്ന് കുട്ടി പറഞ്ഞ അഴിയൂര്‍ സ്വദേശിയെ രക്ഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു.
അഴിയൂരില്‍ വിദ്യാര്‍ത്ഥിനിയെ ലഹരി മാഫിയ ക്യാരിയര്‍ ആക്കിയ സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വാദം. ലഹരി വസ്തുക്കള്‍ കൈമാറാനായി കുട്ടി എത്തിയെന്നു പറയുന്ന തലശ്ശേരിയിലെ മാളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപെടുത്തിയിരുന്നു. തലശ്ശേരിയില്‍ വസ്ത്രം വാങ്ങാനായി പോയിട്ടുണ്ടെന്നു കുട്ടി പറഞ്ഞതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്‌കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. ആദ്യം ലഹരി കലര്‍ത്തിയ ബിസ്‌ക്കറ്റ് നല്‍കി. പിന്നീട് ഇന്‍ജക്ഷന്‍ അടക്കം നല്‍കി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിനും ഉപയോഗിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.
തന്നെപ്പോലെ മറ്റു പലരും ഇങ്ങനെ ഉണ്ടെന്നും കുട്ടി വ്യക്തമാക്കിയിരുന്നു. ലഹരി മരുന്നു നല്‍കുകയും ലഹരി മരുന്ന് കടത്താന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ അഴിയൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് വീഴ്ചയാരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.