പരാതിയില്ല ; കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോമിനെതിരെ നടപടിയുണ്ടാകില്ല

ദുബായില്‍ വെച്ച് വിമാനത്തിന്റെ കോക്പീറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകില്ല എന്ന് റിപ്പോര്‍ട്ടുകള്‍. നടന്‍ കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവത്തില്‍ പൈലറ്റ് പരാതി നല്‍കാതിരുന്നതും ഷൈനിന് അനുകൂലമായി. അബദ്ധത്തിലാണ് കോക്പിറ്റില്‍ കയറാനിടയായതെന്നാണ് ഷൈന്‍ ടോം ചാക്കോ വിമാനത്താവള അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം. വിശദീകരണം മുഖവിലയ്‌ക്കെുടുത്ത അധികൃതര്‍ താരത്തെ വിട്ടയച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ എ ഐ 934 വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തില്‍ കയറിയപ്പോഴായിരുന്നു താരം കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്.

കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടിരുന്നു, അനുവദിച്ച സീറ്റില്‍ നിന്ന് മാറി ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ ഇരിക്കാന്‍ നടന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. താരത്തിനെ ഇറക്കിയശേഷം മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് എയര്‍ ഇന്ത്യാ വിമാന അധികൃതരാണ് ഷൈന്‍ ടോം ചാക്കോയെ പുറത്താക്കിയത്. വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടനെ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു.

ഷൈനിന്റെ വിസയുടെ കാലാവധി തീര്‍ന്നതിനാല്‍ പുതിയ വിസിറ്റ് വീസയെടുത്ത ശേഷമാണ് താരത്തിന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ ആയത്. കഴിഞ്ഞ ദിവസം റിലീസായ ‘ഭാരത സര്‍ക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം ദുബായില്‍ എത്തിയത്. അടുത്തകാലത്തായി തന്റെ പെരുമാറ്റം കാരണം സ്ഥിരമായി വാര്‍ത്തകളില്‍ നിറയുന്ന താരം കൂടിയാണ് ഷൈന്‍ ടോം ചാക്കോ.