ഒരു സിഗരറ്റ് മാത്രമായി വാങ്ങാന്‍ കഴിഞ്ഞേക്കില്ല ; ഒറ്റ സിഗരറ്റ് വില്‍പന തടയാന്‍ കേന്ദ്രം

സിഗരറ്റ് ഇനി ഒന്നും രണ്ടുമായി വാങ്ങാന്‍ കഴിയില്ല. ഒറ്റ സിഗരറ്റ് വില്‍ക്കുന്നത് നിയമവിരുദ്ധമാക്കാന്‍ കേന്ദ്ര തീരുമാനം. പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഒറ്റ സിഗരറ്റിന്റെ വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രം തയ്യാറാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് സമ്മേളനത്തിനു മുന്‍പുതന്നെ കേന്ദ്രം ഇതില്‍ തീരുമാനം എടുത്തേക്കും. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അഭിപ്രായത്തില്‍ ഒറ്റ സിഗരറ്റ് വില്പന പുകയില ഉപയോഗത്തിനെതിരായ പോരാട്ടത്തെ തകര്‍ക്കുന്നു.
കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം മൂന്ന് വര്‍ഷം മുമ്പ് ഇ-സിഗരറ്റിന്റെ വില്‍പനയും ഉപയോഗവും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. വിമാനത്താവളങ്ങളിലെ സ്‌മോക്കിങ് സോണുകള്‍ എടുത്തുകളയണമെന്നും പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദേശമുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം ജിഎസ്ടി നടപ്പാക്കണം എന്നാണ്. ഏറ്റവും പുതിയ നികുതി സ്ലാബുകള്‍ അനുസരിച്ച് രാജ്യം ബീഡികള്‍ക്ക് 22 ശതമാനം ജിഎസ്ടിയും സിഗരറ്റിന് 53 ശതമാനം ജിഎസ്ടിയും ഈടാക്കുന്നത്. പുകരഹിത പുകയില പുകയിലയ്ക്ക് 64 ശതമാനം ജിഎസ്ടിയും ചുമത്തിയിട്ടുണ്ട്. അതേസമയം, ജിഎസ്ടി നിലവില്‍ വന്നിട്ടും പുകയില ഉല്‍പന്നങ്ങളുടെ നികുതി കാര്യമായി വര്‍ധിച്ചിട്ടില്ലെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി വിലയിരുത്തി. പുകയിലയും മദ്യവും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് സമിതി ഊന്നിപ്പറഞ്ഞു. ഇന്ത്യയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് പൊതു സ്ഥലത്ത് പുക വലിച്ചാല്‍ 200 രൂപ വരെ പിഴ ചുമത്താം. പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും പുകവലിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ആണ് ഉള്ളത്.