ദീപികയുടെ പാന്റിക്ക് കാവി നിറം ; ഷാരൂഖിന്റെ പഠാന്‍ സിനിമ ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി

ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്‍ തിരിച്ചെത്തുന്ന സിനിമ എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് പത്താന്‍. എന്നാലിപ്പോള്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി എത്തിയിരിക്കുകയാണ് ഒരു തീവ്ര ഹിന്ദു വിഭാഗം. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബഹിഷ്‌ക്കരണ ആഹ്വനം വന്നത്. ബെഷറം രംഗ് എന്ന ഗാനത്തിലെ ഒരു രംഗത്തില്‍ നായിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ ചിത്രത്തിനെതിരായ ബഹിഷ്‌കരണാഹ്വാനം. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ഒരു സീനില്‍ ധരിച്ചിരിക്കുന്നത്. സഫ്രോണ്‍ സേന എന്ന ട്വിറ്റര്‍ അക്കൊണ്ടില്‍ ആണ് പോസ്റ്റ് വന്നത്. തീവ്ര ഹിന്ദു പോസ്റ്റുകള്‍ ആണ് ആ പ്രൊഫൈലില്‍ കൂടുതലും.

ഒപ്പം ബെഷറം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരായ പ്രചരണം. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതലും ട്വീറ്റുകള്‍. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. സ്റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ജനുവരി 25 ന് ആണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.