ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവാവ് വീട്ടിലെത്താന്‍ നടന്നത് 220 കിലോമീറ്റര്‍

ജീവിതത്തില്‍ ആദ്യത്തെ ട്രെയിന്‍ യാത്ര തന്നെ ഒരിക്കലും മറക്കാത്ത അനുഭവമായി മാറിയ ഒരാള്‍. പത്തനംതിട്ട സ്വദേശി അനില്‍ എന്ന നാല്‍പ്പത്തി രണ്ടുകാരനാണു വീട്ടിലെത്താന്‍ 220 കിലോമീറ്റര്‍ നടന്നത്. ഇതിനിടയില്‍ ഉറക്കം ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ്റ്റേഷനുകളിലും. കൈവശം ഉണ്ടായിരുന്നത് ഒരു കുപ്പി വെള്ളം, ജാതിക്ക, പുളി എന്നിവ മാത്രം. സഹോദരി ഉഷയുടെ മകളെ ആന്ധ്രയില്‍ നഴ്‌സിങ്ങിന് ചേര്‍ക്കാനാണ് കുഞ്ഞുചെറുക്കന്റെയും പൊടിപ്പെണ്ണിന്റെയും മകന്‍ പത്തനംതിട്ട മാത്തൂര്‍ മയില്‍നില്‍ക്കുന്നതില്‍ അനില്‍ ജീവിതത്തില്‍ ആദ്യമായി ട്രെയിനില്‍ കയറിയത്. ഭാര്യ രാജിയും മകള്‍ അഞ്ജുവും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. ഡിസംബര്‍ 3നു വൈകിട്ട് ചെങ്ങന്നൂരേക്കു ട്രെയിനില്‍ യാത്ര തിരിച്ചു. ജനറല്‍ കോച്ചിലെ തിരക്ക് കാരണം അനില്‍ ഒരിടത്തും മറ്റുള്ളവര്‍ വേറെയും കോച്ചുകളിലായിരുന്നു. കാട്പാടി സ്റ്റേഷനില്‍ ട്രെയിന്‍ നിന്നപ്പോള്‍ പുറത്തിറങ്ങി. പക്ഷേ അനിലിന് തിരികെ കയറാന്‍ കഴിഞ്ഞില്ല.

പിറ്റേന്ന് ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോഴാണ് അനിലിനെ കാണാനില്ലെന്ന വിവരം കുടുംബം അറിയുന്നത്. അനിലിന്റെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ബന്ധപ്പെടാനും സാധിച്ചില്ല. തുടര്‍ന്ന് കാട്പാടി പോലീസ് സ്റ്റേഷനിലെത്തി വീട് കേരളത്തിലെ പത്തനംതിട്ട ജില്ലയിലാണെന്നും തിരികെ പോകാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് 200 രൂപ കൊടുത്ത ശേഷം പാലക്കാട്ടേക്കുള്ള ബസില്‍ കയറ്റിവിട്ടു. പാലക്കാട് വന്നിട്ട് നാട്ടിലേയ്ക്ക് പോകാന്‍ കഴിയാതെ വന്നപ്പോള്‍ അവിടെ നിന്ന് 220 കിലോമീറ്ററോളം ദൂരം ദേശീയ പാതയിലൂടെ പത്തനംതിട്ടയിലേക്ക് കാല്‍ നടയായി യാത്ര. നാലഞ്ച് ദിവസത്തോളമെടുത്താണ് നാട്ടിലെത്തിയതെന്ന് അനില്‍ ഓര്‍ക്കുന്നു. ആറന്മുളയില്‍ വച്ചു അനിലിനെ തിരിച്ചറിഞ്ഞ പരിചയക്കാരന്‍ ജിജോ വിവരം ഇലവുംതിട്ട സ്റ്റേഷനില്‍ വിളിച്ചു പറയുകയായിരുന്നു. തുടര്‍ന്ന് അവരുടെ കൂടെ സഹായത്തോടെ അനില്‍ വീട്ടില്‍ എത്തുകയായിരുന്നു.