ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം

ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ ദ്വാരകയില്‍ ആണ് 17കാരിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. രാവിലെ ഒമ്പതിന് സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘമാണ് പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് എന്ന് ദൃസാക്ഷികള്‍ പറയുന്നു. നമ്പര്‍ ബോര്‍ഡ് ഇല്ലാത്ത സ്‌കൂട്ടറിലാണ് അക്രമികള്‍ എത്തിയത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസും വനിതാ കമ്മിഷന്‍ പ്രതിനിധികളും ആശുപത്രിയിലെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. സംഘത്തിലെ രണ്ടാമനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെയും പിടികൂടിയ ശേഷമേ ആക്രമണത്തിന് പിന്നിലെ കാരണം കണ്ടത്താനാകൂവെന്നും പൊലീസ് പറഞ്ഞു. ഇരിടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.