ഇത് തന്റെ അവസാന ലോകകപ്പ് ; പ്രഖ്യാപിച്ച് മെസ്സി
2026 ല്‍ വേള്‍ഡ് കപ്പ് ആരവങ്ങളില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ മിശിഹാ കളിക്കളത്തില്‍ കാണില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വര്‍ഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു. ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. പക്ഷെ എത്രത്തോളം കരുത്തരാണ് അര്‍ജന്റീനയെന്ന് തെളിയിച്ചെന്ന് ലയണല്‍ മെസി പറഞ്ഞു. അര്‍ജന്റീനിയന്‍ വാര്‍ത്ത ഏജന്‍സിയായ ഡയറോ ഡിപ്പോര്‍ട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം. ഇന്നലെ മെസിയുടെ മികവില്‍ അര്‍ജന്റീന ലോകകപ്പ് ചരിത്രത്തില്‍ ആറാമത്തെ ഫൈനലിന് യോഗ്യത നേടിയിരുന്നു. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീനയുടെ പടയോട്ടം.
ലുസൈല്‍ സ്റ്റേഡിയത്തിലെ പച്ച പുല്‍ മൈതാനിയില്‍ നിന്ന് മെസ്സി മടങ്ങുന്നത് തനിക്ക് മാത്രം അവകാശപ്പെട്ട ഒരു പിടി നേട്ടങ്ങള്‍ ഒപ്പം കൂട്ടിയാണ്. 11 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തില്‍ അര്‍ജന്റീനയുടെ ഏറ്റവും ഉയര്‍ന്ന ഗോള്‍ സ്‌കോററായി മാറിയിരിക്കുകയാണ് മെസ്സി. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ 10 ഗോളുകളുടെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി ജൂലിയന്‍ ആല്‍വരാസ് രണ്ടു ഗോളും ലയണല്‍ മെസി ഒരു ഗോളും നേടി. ആദ്യ പകുതിയില്‍ അര്‍ജന്റീന 2-0ന് മുന്നിലായിരുന്നു. ആദ്യം 34-ാം മിനിട്ടില്‍ നായകന്‍ ലയണല്‍ മെസി പെനാല്‍റ്റിയിലൂടെയും 39-ാം മിനിട്ടില്‍ യുവതാരം ജൂലിയന്‍ ആല്‍വാരസുമാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. 39-ാം മിനിട്ടില്‍ ജൂലിയന്‍ ആല്‍വാരസാണ് അര്‍ജന്റീനയുടെ ലീഡുയര്‍ത്തിയത്. 69-ാം മിനിട്ടില്‍ ലയണല്‍ മെസിയുടെ ബുദ്ധിപരമായ നീക്കത്തിനൊടുവില്‍ ജൂലിയന്‍ ആല്‍വാരസ് രണ്ടാമതും ലക്ഷ്യം കാണുകയായിരുന്നു.
ലോകകപ്പില്‍ അഞ്ചാമത്തെ ഗോളാണ് മെസി നേടിയത്. ഇതോടെ സുവര്‍ണപാദുകത്തിനായുള്ള പോരാട്ടത്തില്‍ ഫ്രഞ്ച് താരം എംബാപ്പെയ്‌ക്കൊപ്പമെത്താനും മെസിക്ക് സാധിച്ചു. ജൂലിയന്‍ ആല്‍വാരസ് നടത്തിയ മുന്നേറ്റം തടയാനായി ബോക്‌സിനുള്ളില്‍വെച്ച് ഗോള്‍കീപ്പര്‍ ഡോമിനിക് ലിവാകോവിച്ചും മറ്റെ കൊവാച്ചിച്ചും മഞ്ഞ കാര്‍ഡ് കണ്ടു. ഇതോടെയാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റിയ്ക്ക് ലഭിച്ചത്. ഡിസംബര്‍ 18ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോ മൊറോക്കോയ്‌ക്കോ എതിരെയാണ് അര്‍ജന്റീനയുടെ കലാശപ്പോര്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ജര്‍മനിയുടെ ലോതര്‍ മത്തൗസിലിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ മെസ്സിക്ക് കഴിഞ്ഞു.
ഡിസംബര്‍ 18 ലെ ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കും. മാത്രമല്ല ഒരു ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍ കൂടിയാണ് മെസ്സി ഇപ്പോള്‍. ഖത്തറില്‍ അഞ്ച് ഗോളുകള്‍ നേടുകയും മൂന്ന് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ 1966 ന് ശേഷം, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ കളിക്കാരുടെ പട്ടികയില്‍ മെസ്സിയും ചേര്‍ന്നു.