വിഴിഞ്ഞം ; ആദ്യ കപ്പല്‍ 2023 സെപ്റ്റംബര്‍ അവസാനം എന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ 2023 സെപ്റ്റംബര്‍ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം മൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെ പിടിച്ച് നിര്‍മ്മാണം ത്വരിതപ്പെടുത്തും. 30,000 ടണ്‍ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവില്‍ 15,000 ടണ്‍ ആണ് നിക്ഷേപിക്കുന്നത്. അത് 30,000 ടണ്‍ ആയാണ് ഉയര്‍ത്തുന്നത്. എല്ലാ മാസവും പ്രവര്‍ത്തന അവലോകനം നടത്തി മുന്നോട്ട് പോകാനാണ് തീരുമാനം. പോര്‍ട്ട് പരിപൂര്‍ണമായും കമ്മീഷന്‍ ചെയ്യാന്‍ 2024 ആവുമെന്നാണ് കണക്കുകൂട്ടല്‍. 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി അഹ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയത്. അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസില്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മന്ത്രിയും സംഘവും പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു.
ലത്തീന്‍ അതിരൂപതയുടെ സമരം അവസാനിച്ചതോടെ തുറമുഖ നിര്‍മാണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്ന കാര്യവും പ്രത്യേക ക്രമീകരണങ്ങളൊരുക്കുന്നതുമൊക്കെയാണ് യോഗത്തില്‍ ചര്‍ച്ചയായത്. വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കി. പൊലീസ് സ്റ്റേഷന്‍ അടക്കം അടിച്ചു തകര്‍ത്ത സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന ആയിരക്കണക്കിന് പേരും പ്രതിയാണ്. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. ആ സാഹചര്യത്തില്‍ നിയമാനുസൃതമായാണ് പൊലീസ് നടപടിയെടുത്തത്. തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞത്ത് സമരസമിതി നടത്തിയ സമരമാണ് സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്.