റെയില്‍വേ ട്രാക്കില്‍ റീലിസ് ഷൂട്ടിങ് ; യുവതിയും സുഹൃത്തുക്കളും ട്രെയിന്‍ ഇടിച്ചു മരിച്ചു

ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ ഏവര്‍ക്കും പ്രിയമായ ഒന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ള റീല്‍സ് എന്ന ഷോര്‍ട്ട് വീഡിയോ വിഭാഗം. റീല്‍സില്‍ എങ്ങനെയും പ്രമുഖരാകാന്‍ വേണ്ടിയുള്ള കഷ്ടപ്പാടിലാണ് നാട്ടിലുള്ള ഇഷ്ടം പോലെ ആളുകള്‍. അത്തരത്തില്‍ റീല്‍സ് ഭ്രാന്ത് കാരണം ജീവന്‍ നഷ്ട്ടപ്പെട്ട ചിലരുടെ വാര്‍ത്തയാണ് ഇവിടെ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആണ് സംഭവം. റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ഉണ്ടാക്കുകയായിരുന്ന മൂന്ന് പേര്‍ ആണ് ട്രെയിനിടിച്ച് മരിച്ചത്. ഒരു യുവതിയും രണ്ട് യുവാക്കളുമാണ് കൊല്ലപ്പെട്ടത്.

മുസ്സൂറി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലു ഗാര്‍ഹി റെയില്‍വേ ഗേറ്റിന് സമീപം 9 മണിയോടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച പൊലീസ് ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. യാത്രക്കാരാണ് വിവരം ലോക്കല്‍ പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ മൂവരും റെയില്‍വേ ട്രാക്കില്‍ റീല്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ട്രാക്കില്‍ നില്‍ക്കുകയായിരുന്നു മൂവരും, പെട്ടെന്ന് അതിവേഗതയില്‍ വന്ന ട്രെയിന്‍ ഇടിച്ചു വീഴ്ത്തി. ഇവര്‍ സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു.