പത്താന്‍ സിനിമക്ക് എതിരെ സിപിഎമ്മും ; ഷാരൂഖിന്റെ സിനിമ കാണുന്നതിലും നല്ലത് പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കല്‍ എന്ന് മുതിര്‍ന്ന നേതാവ്
പത്താന്‍ വിവാദത്തില്‍ സംഘപരിവാറിനെ അനുകൂലിച്ചു സി പി എമ്മും. നടന്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുകോണിന്റെയും പുതിയ സിനിമയായ പത്താനിലെ ‘ബേഷാരം രംഗ്’ ഗാനത്തെ പരിഹസിച്ച് ആണ് സിപിഐഎം നേതാവ് ചിഗുരുപതി ബാബു റാവു ഇപ്പോള്‍ രംഗത് വന്നത്. ‘പത്താന്‍’ കാണുന്നതിനേക്കാള്‍ നല്ലത് വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം നല്‍കുന്നതാണെന്ന് ആന്ധ്രാപ്രദേശിലെ പ്രമുഖ സിപിഐഎം നേതാവ് ബാബു റാവു പറഞ്ഞു.’പത്താന്‍ കാണാന്‍ പണം നല്‍കുന്നതിനേക്കാള്‍ നല്ലത് വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ്,’ സിപിഐഎം നേതാവ് അഭിപ്രായപ്പെട്ടു. ‘ബേഷാരം രംഗ്’ ഗാനത്തിന്റെ പേരില്‍ ചിത്രം ബഹിഷ്‌കരിക്കാന്‍ സംഘ്പരിവാര്‍ ആഹ്വാനം ചെയ്യുന്നതിനിടെയാണ് ബാബു റാവുവിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നത്’, എന്നാണ് നരോത്തം മിശ്രയുടെ വാദം.
‘പത്താന്‍’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ ഓറഞ്ച് ബിക്നിയണിഞ്ഞ ദീപിക കഥാപാത്രത്തെ ഷാരൂഖിന്റെ കഥാപാത്രം തഴുകുന്നതാണ് ഒരു വിഭാഗമാളുകള്‍ വിവാദമാക്കിയത്. ‘ബേഷാരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഹിന്ദു നാമധാരിയായ നടി ദീപികയെ പത്താന്‍ എന്ന് പേരുള്ള കഥാപാത്രം തഴുകുന്നത് നിഷ്‌കളങ്കമായി കാണാനാകില്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.ഷാരൂഖിനും ദീപികയ്ക്കും പുറമെ ജോണ്‍ എബ്രഹാമും പത്താനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തും. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് പത്താന്റെ സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.