ഓണ്‍ലൈന്‍ ചൂതാട്ടം ; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തു
കോയമ്പത്തൂര്‍ : ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം നഷ്ട്ടപ്പെട്ട യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. ശങ്കര്‍(29) എന്ന യുവാവാണ് ജീവനൊടുക്കിയത്.കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ശങ്കറിന്റെ മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. തന്റെ സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ തുകയും നഷ്ടപ്പെട്ടതോടെയാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. 29 കാരനായ ഇയാള്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടക്കത്തില്‍ ചൂതാട്ടത്തിലൂടെ പണം സമ്പാദിച്ചിരുന്നെങ്കിലും പിന്നീട് മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടു.
സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിവരെ കളിച്ചിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 12 ന് ജോലിക്കായി ടൗണില്‍ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം ശങ്കര്‍ കോയമ്പത്തൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. പിറ്റേന്ന് വൈകിട്ട് വരെ ശങ്കര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതായതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു. മുറിയിലെ ഫാനിന്റെ കൊളുത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ബോഡി കണ്ടെത്തിയത്. ഉടന്‍ തന്നെ ലോക്കല്‍ പൊലീസില്‍ വിവരമറിയിച്ചു.