പലിശ ഉയര്‍ത്തി ; ഇഎംഐ കുത്തനെ കൂട്ടി എസ് ബി ഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വായ്പ നിരക്കുകള്‍ ഉയര്‍ത്തി. എല്ലാ കാലയളവുകളിലേക്കുമുള്ള എംസിഎല്‍ആര്‍ എസ്ബിഐ ഉയര്‍ത്തിയിട്ടുണ്ട്. 25 ബേസിസ് വര്‍ദ്ധനയാണ് ഉണ്ടാകുക. ബാങ്കിന്റെ വെബ്സൈറ്റ് പ്രകാരം 2022 ഡിസംബര്‍ 15 മുതല്‍ അതായത് ഇന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും. ഇതോടെ വിവിധ വായ്പകളുടെ മുകളിലുള്ള ഇ എം ഐ കുതിച്ചുയരും. എസ്ബിഐയുടെ എംസിഎല്‍ആര്‍ ഒറ്റരാത്രികൊണ്ട് 7.60 ശതമാനത്തില്‍ നിന്ന് 7.85 ശതമാനമായി ഉയര്‍ന്നു. ഒരു മാസത്തേക്കുള്ള എംസിഎല്‍ആര്‍ 7.75 ശതമാനത്തില്‍ നിന്ന് 8.00 ശതമാനം ആയി ഉയര്‍ത്തി. ആറ് മാസത്തേയും ഒരു വര്‍ഷത്തേയും കാലാവധിക്കുള്ള വായ്പാ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 8.30 ശതമാനംയി ഉയര്‍ത്തി.
രണ്ട് വര്‍ഷത്തെ എംസിഎല്‍ആര്‍ 8.25 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായി ഉയര്‍ന്നപ്പോള്‍ മൂന്ന് വര്‍ഷത്തെ എംസിഎല്‍ആര്‍ റിവിഷന്‍ കഴിഞ്ഞ് 8.35 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായി ഉയര്‍ത്തി. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ നിക്ഷേപ വായ്പാ നിരക്കുകള്‍ ഉയര്‍ത്തി തുടങ്ങിയിരുന്നു. മേയ് മാസത്തില്‍ 40 ബേസിസ് പോയിന്റും ജൂണ്‍, ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളില്‍ 50 ബേസിസ് പോയിന്റ് വീതവും വര്‍ധിപ്പിച്ചതിന് ശേഷം തുടര്‍ച്ചയായി അഞ്ചാമത്തെ നിരക്ക് വര്‍ധനയാണിത്. 2022 മെയ് മുതല്‍ ആര്‍ബിഐ ആകെ 2.25 ശതമാനമാണ് നിരക്ക് ഉയര്‍ത്തിയത്.