തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു ; പങ്കാളി പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം. നന്ദിയോട് സ്വദേശി സിന്ധുവാണ് മരിച്ചത്. സംഭവത്തില്‍ സിന്ധുവിന്റെ പങ്കാളി രാജേഷ് പൊലീസ് കസ്റ്റഡിയിലാണ്. രാവിലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. തിരക്കേറിയ വഴയില റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പിന്തുടര്‍ന്ന രാജേഷ് കഴുത്തിലും തലയ്ക്കും വെട്ടുകയായിരുന്നു.
രണ്ടിലധികം തവണ വെട്ടി.
രാജേഷിനെ നാട്ടൂകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും 12 വര്‍ഷമായി വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസം. ഭാര്യയും കുട്ടികളുമുളള രാജേഷ് സിന്ധുവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജേഷ് മറ്റൊരു വീട്ടിലേക്ക് മാറി. സിന്ധു തന്നില്‍ നിന്ന് അകന്ന് പോകുന്നു എന്ന സംശമാണ് കൊലക്ക് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി. പോലീസ് അന്വേഷണം തുടരുകയാണ്.