താന്‍ പഴയ എസ് എഫ് ഐക്കാരന്‍ ; കൂവല്‍ ഒന്നും പുത്തരിയല്ല ; ഐ എഫ് എഫ് കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്

ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കാണികളുടെ കൂവല്‍. വേദിയില്‍ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികള്‍ കൂവിയത്. ‘തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാന്‍ സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങില്‍ ഞാന്‍ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാന്‍ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു. കൂവല്‍ ഒന്നും പുത്തരിയല്ല.

1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളില്‍ വരും. അപ്പോള്‍ എത്രപേര്‍ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം’, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളു പ്രതിഷേധം ഉയര്‍ന്നിരുന്നു.

സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയര്‍ന്നിരുന്നത്. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കാണികള്‍ കൂവല്‍ നടത്തിയത്. ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്. റിസര്‍വേഷന്‍ രീതി ഫലപ്രദമാണെന്നും രഞ്ജിത്ത് പറയുന്നു.